തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മതം. മുംബൈയിൽ നിന്ന് ഇന്നലെ അറസ്‌റ്റിലായ ഷീലയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് (22) ആണ് ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ കുറ്റസമ്മതം നടത്തിയത്.
തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതാണ് ഷീല സണ്ണിയോടുള്ള പകയ്‌ക്ക് കാരണമായതെന്നാണ് ലിവിയ മൊഴി നൽകിയത്. നാരായണ ദാസിന്റെ സഹായത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും ലിവിയ മൊഴി നൽകിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം കസ്‌റ്റഡിയിൽ എടുത്ത ലിവിയയെ മുംബൈ പോലീസിന് കൈമാറിയിരുന്നു.
കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഇന്നലെ രാത്രി 11.30ന് പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ലിവിയ കൊച്ചിയിൽ എത്തുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെയാണ് ലിവിയ ഒളിവിൽപ്പോയത്. പിന്നാലെ കേസിൽ ലിവിയയ്‌ക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ദുബായിലേക്ക് കടന്ന ലിവിയയെ നാട്ടിൽ എത്തിക്കാനും പാസ്‌പോർട്ട് റദ്ദാക്കാനും പോലീസ് നീക്കം തുടങ്ങുകയും ചെയ്‌തു. തുടർന്ന് ദുബായിൽ നിന്ന് രഹസ്യമായി മുംബൈയിൽ എത്തിയപ്പോഴാണ് ലിവിയ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. 2023 ഫെബ്രുവരി 27ന് ആണ് ലഹരിമരുന്ന് കൈവശം വെച്ചതിന് ഷീല സണ്ണിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്‌ഡി സ്‌റ്റാമ്പ് ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇതോടെ, ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്‌റ്റാമ്പ് കൈവശം വെച്ചെന്ന് ആരോപിച്ച് 72 ദിവസമാണ് ജയിലിലടച്ചത്.
കേസിലെ ഒന്നാം പ്രതിയായ നാരായണ ദാസിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. ഇയാളാണ് ഷീലയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വ്യാജ വിവരം കൈമാറിയത്. നിലവിൽ റിമാൻഡിലാണ്. വ്യക്‌തി വൈരാഗ്യമാണ് ഷീല സണ്ണിയെ വ്യാജക്കേസിൽ കുടുക്കാൻ കാരണമെന്നാണ് നാരായണ ദാസും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം, ഷീല സണ്ണിയുടെ മകൻ സംഗീതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇയാൾ ഇതുവരെ ഹാജരായിട്ടില്ല.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































