ചങ്ങനാശേരി: കോവിഡ് രോഗിയുടെ സംസ്കാരം അയൽക്കാർ തടഞ്ഞു. ചങ്ങനാശേരി മാടപ്പള്ളിയിലാണ് സംഭവം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ രോഗിയുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. പ്രദേശവാസികളുടെ ഭയം കാരണമാണ് വഴി കെട്ടിയടച്ചതെന്ന് പഞ്ചായത്ത് അംഗം പറയുന്നു.
മാടപ്പള്ളി സ്വദേശിയായ കൊച്ചുകുട്ടൻ (76) ആണ് മരിച്ചത്. പ്രമേഹബാധയെ തുടർന്ന് ഇദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ചു നീക്കിയിരുന്നു. വൃക്കകൾക്കും തകരാറുണ്ട്. കഴിഞ്ഞ ദിവസം ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡ് പരിശോധന നടത്തുകയും തുടർന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ടോടെ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
കൊച്ചുകുട്ടന്റെ മൃതദേഹം ബന്ധുക്കൾ ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കാൻ ഒരുങ്ങവേയാണ് അയൽക്കാർ പ്രശ്നമുണ്ടാക്കിയത്. 20ഓളം വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. കൊച്ചുകുട്ടന്റേയും മകന്റെയും പേരിൽ 9 സെന്റ് സ്ഥലം മാടപ്പള്ളി പഞ്ചായത്തിലെ ഈ വാർഡിലുണ്ട്. എങ്കിലും രോഗവ്യാപന ഭീതി മൂലം ആളുകൾ സംസ്കരിക്കാൻ അനുവദിക്കുന്നില്ല.
കൊച്ചുകുട്ടന്റെ മൃതദേഹവുമായി രാവിലെ ആംബുലൻസ് എത്തിയപ്പോഴാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വഴി കെട്ടിയടച്ചത്. സംഭവം അറിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടറും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടികളും ഗർഭിണികളും അടക്കമുള്ളവർ ചുറ്റുവട്ടത്തുണ്ട്. അവർക്കെല്ലാം ഭയമാണ്. കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി ആരോഗ്യ പ്രവർത്തകരോ പോലീസോ പ്രദേശവാസികളെ കാര്യം ബോധ്യപ്പെടുത്തണമെന്ന് പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു.
നിലവിൽ കൊച്ചുകുട്ടന്റെ മൃതദേഹം ആംബുലൻസിൽ തന്നെയാണ്. പോലീസും ഹെൽത്ത് ഇൻസ്പെക്ടറും പ്രദേശവാസികളുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും ഇതുവരെ അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.
Also Read: വിസ്മയയെ മർദ്ദിച്ചിരുന്നു, കാറിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉണ്ടായത്; കിരൺ