മലപ്പുറം: ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദു സമദ് സമദാനി മൽസരിക്കും. അതേസമയം, സീറ്റ് നൽകണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. തമിഴ്നാട് രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മൽസരിക്കും. പാണക്കാട് നടന്ന നേതൃയോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ പിന്നീട് പ്രഖ്യാപിക്കും. ഇടിയുടെ പ്രായവും പാർട്ടി നേതാവെന്ന നിലക്കുള്ള തിരക്കുകളും പരിഗണിച്ചാണ് പൊന്നാനിക്ക് പകരം മലപ്പുറം നൽകിയത്. സമദാനിയെ രാജ്യസഭയിലേക്ക് അയക്കുന്ന കാര്യം ആലോചിച്ചെങ്കിലും യൂത്ത് ലീഗ് കൂടി സീറ്റിനായി രംഗത്തെത്തിയതോടെ സമദാനിയെ തന്നെ നിയോഗിക്കുകയായിരുന്നു.
രാജ്യസഭാ സ്ഥാനാർഥിയെ കുറിച്ചുള്ള ചർച്ചകൾ ഇന്നത്തെ യോഗത്തിൽ നടന്നില്ലെന്നാണ് വിവരം. അതിനിടെ, കോൺഗ്രസിന്റെ സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 16 സീറ്റിലാണ് മൽസരിക്കുക. മലപ്പുറത്തും പൊന്നാനിയിലും ലീഗ് മൽസരിക്കും. ഇത്തവണ രാജ്യസഭാ സീറ്റ് ലീഗിന് നൽകുന്നതിന് പകരമായി പിന്നീട് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് ഭരണത്തിലെത്തുമ്പോൾ മൂന്ന് രാജ്യസഭാ സീറ്റ് കോൺഗ്രസിനും രണ്ടു സീറ്റ് ലീഗിനുമാണ് ഉണ്ടാവാറുള്ളത്. അത് ഉറപ്പ് വരുത്തും. ലീഗ് നേതാക്കളും പ്രവർത്തകരും ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിച്ചിരുന്നു. കൊടുക്കണമെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടായതായും വിഡി സതീശൻ പറഞ്ഞു.
മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ട്. സാധാരണ പ്രതിപക്ഷത്തുള്ളപ്പോൾ ലീഗിന് രാജ്യസഭാ സീറ്റാണ് ഉണ്ടാവാറുള്ളത്. രണ്ടുവർഷം മുൻപ് തന്നെ രണ്ടു രാജ്യസഭാ സീറ്റ് ലീഗിന് ലഭിച്ചു. സീറ്റ് വിഭജനം ദേശീയ നേതൃത്വവുമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി ചർച്ചകളിലേക്ക് കോൺഗ്രസ് ഇന്ന് കടക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Most Read| നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി