ന്യൂഡെൽഹി: വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ തലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപിയെ ആശങ്കയിലാക്കി ഇന്ത്യാ സഖ്യം ശക്‌തമായി തിരിച്ചടികൾ നൽകുകയാണ്. ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്‌തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ പരസ്‌പരം ബന്ധപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആന്ധ്രപ്രദേശിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട്. എൻഡിഎയ്‌ക്ക് കഴിഞ്ഞ തവണത്തേത് പോലെ മികച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് ഇത്തവണ നിർണായകമാകും.
ആന്ധ്രയിലെ മികച്ച പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ചു. എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലുള്ള അനായാസ ജയം അന്യമായതോടെ, സർക്കാർ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.
അതേസമയം, ഇന്ത്യാ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവുമായി ബന്ധം പുലർത്തുന്നതായാണ് വിവരം. ഇന്ത്യാ മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ചന്ദ്രബാബു നായിഡുവിനെ ഫോണിൽ വിളിച്ചു. എൻസിപി നേതാവ് ശരത് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റു കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്.
ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചേക്കും. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർക്ക് പുറമെ സീറ്റുകൾ കുറവാണെങ്കിലും വൈഎസ്ആർ കോൺഗ്രസിനെക്കൂടി കൂടെക്കൂട്ടാൻ ഇന്ത്യാ മുന്നണി ശ്രമം നടത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരുടെ പിന്തുണ ഉറപ്പിക്കാനായാൽ ഇന്ത്യാ മുന്നണിക്ക് മുന്നൂറിലധികം സീറ്റ് അധികം ലഭിക്കും. എൻഡിഎ നിലവിൽ 298 മണ്ഡലങ്ങളിലും ഇന്ത്യാ സഖ്യം 227 മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. ഭരണം പിടിക്കാൻ ആകെ 272 സീറ്റുകളാണ് വേണ്ടത്.
കേരളത്തിൽ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്കാണ്. അവസാന നിമിഷവും മണ്ഡലത്തിൽ ലീഡ് നില മാറിമറയുകയാണ്. ആറ്റിങ്ങലിൽ എൽഡിഎഫിന്റെ വി ജോയ് ആണ് മുന്നിൽ നിൽക്കുന്നത്. 1172 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ആലത്തൂരാണ് എൽഡിഎഫിന് മറ്റൊരു ആശ്വാസം. ഇവിടെ കെ രാധാകൃഷ്‌ണൻ വിജയമുറപ്പിച്ചു. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. ലീഡ് 70,000 കടന്നു.
തിരുവനന്തപുരത്ത് ശശി തരൂർ ജയമുറപ്പിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും ലീഡ് രണ്ടുലക്ഷം കടന്നു. മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്ടും ഇടുക്കിയിലും ഒരുലക്ഷത്തിലധികം വോട്ട് യുഡിഎഫിനുണ്ട്.
Most Read| മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്