ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം തവണയും തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസമർപ്പിച്ചു. ഇതൊരു ചരിത്ര നേട്ടമാണ്. കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി’- മോദി എക്‌സിൽ കുറിച്ചു.
അതിനിടെ, പ്രധാനമന്ത്രി നാളെ രാഷ്‌ട്രപതിയെ കണ്ടേക്കുമെന്നും അടുത്തയാഴ്‌ച തന്നെ സത്യപ്രതിജ്‌ഞ ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം, മൂന്നാംവട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ച നരേന്ദ്രമോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി.
ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. 2014ൽ 3,71,784 വോട്ടുകളും 2019ൽ 4,79,505 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. വാരണാസിയിൽ നോട്ടയ്‌ക്ക് 8257 വോട്ടുകളും ലഭിച്ചു. 292 സീറ്റുകളുമായാണ് നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാംമൂഴം ഉറപ്പിച്ചിരിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എൻഡിഎ വ്യക്‌തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ, പിന്നാലെ ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു എത്തി. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014ന് ശേഷം ഇതാദ്യമായി കോൺഗ്രസ് നൂറോളം സീറ്റുകളിൽ ലീഡ് പിടിച്ചു.
അതിനിടെ, ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭരണഘടനയെ സംരക്ഷിച്ചത് കർഷകരും ആദിവാസികളും ഉൾപ്പടെയുള്ള രാജ്യത്തിന്റെ അടിസ്‌ഥാന വർഗമാണ്. ബിജെപിയെ തടഞ്ഞ രാഷ്‌ട്രീയപ്രബുദ്ധരായ യുപിയിലെ ജനങ്ങൾക്ക് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ന്യൂഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഈ പോരാട്ടം ഒരു രാഷ്‌ട്രീയ പാർട്ടിക്കും എതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്‌ദാനങ്ങൾ പാലിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം അദാനിയുടെ സ്‌റ്റോക്ക് നോക്കൂ. മോദി പോയപ്പോൾ അദാനിയും പോയെന്ന് രാഹുൽ പരിഹസിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ഇന്ത്യാ മുന്നണി യോഗം നാളെ ചേരും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്








































