ലൊസാഞ്ചലസ്: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാർക്ക് എതിരായ നടപടിക്കെതിരെ യുഎസിലെ ലൊസാഞ്ചലസിൽ വൻ സംഘർഷം. ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ആയിരങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം, റബർ ബുള്ളറ്റുകൾ, ഫ്‌ളാഷ് ബാങ്ങുകൾ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘർഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറൽ സൈനികർ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
നേരത്തെ ഇമിഗ്രേഷൻ റെയ്‌ഡുകൾക്ക് ശേഷം ആളുകളെ കസ്‌റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. ലൊസാഞ്ചലസ് പോലീസ് പ്രതിഷേധക്കാരെ പിടിച്ചുവിടാൻ തോക്കുകൾ കൈയിലെടുത്തു. നിയമവിരുദ്ധമായി ഒത്തുകൂടിയതിനാൽ ഉടൻ പിരിഞ്ഞുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസപ്പെടുത്തിയ പ്രതിഷേധക്കാരെ നീക്കി ഗതാഗതം സുഗമമാക്കി.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യ വകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്‌ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ചയാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്താൻ പ്രസിഡണ്ട് ട്രംപ് രണ്ടായിരത്തോളം ദേശീയ ഗാർഡ് അംഗങ്ങളെ വിന്യസിച്ചു.
പ്രതിഷേധം അടക്കാനാകാഞ്ഞത് സംസ്‌ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സർക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രംപ് വിമർശിച്ചു. ദേശീയ ഗാർഡിനെ വിന്യസിച്ചത് നഗരത്തിൽ സംഘർഷം വർധിപ്പിച്ചുവെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്‌ഥാനം കേസ് ഫയൽ ചെയ്യുമെന്നും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്‌ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഫെഡറൽ സർക്കാർ ദേശീയ ഗാർഡിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി