മധ്യപ്രദേശ്: ഇൻഡോറിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ചതിനെ തുടർന്നുണ്ടായ രോഗത്തിൽ നിരവധിപ്പേർ മരിച്ച സംഭവത്തിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. മുനിസിപ്പൽ കമ്മീഷണർക്കും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡീഷണൽ കമ്മീഷണറെ സ്‌ഥലംമാറ്റി.
സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. അതേസമയം, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിൽ മലിനജലം കുടിച്ച് വയറിളക്കം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. അഞ്ചുമാസം പ്രായമായ നവജാത ശിശുയടക്കം ഒമ്പതുപേർ മരിച്ചുവെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്.
മരിച്ചത് നാലുപേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുമ്പോൾ 13 പേർ മരിച്ചതായി പ്രശ്‌നം ഉണ്ടായ ഭഗീരഥപുരയിലെ ജനങ്ങൾ പറയുന്നു. ഏഴ് മരണമെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവയും പറയുന്നു. 120 പേർ ആശുപത്രിയിൽ ചികിൽസയിലാണ്. 1400ലധികം പേർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് റിപ്പോർട്.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദമായ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ഓടയിലെ മലിനജലം കലർന്നതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചു വിട്ടതായി പരിശോധനയിൽ കണ്ടെത്തി. കുടിവെള്ളത്തിൽ മാലിന്യം കലർന്നതായി ലാബ് പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം







































