മലപ്പുറം: പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി കുമ്മാളില്‍ കുറ്റിക്കാട്ടില്‍ മൊയിതീൻ ഹാജി, ഫാത്വിമകുട്ടി ദമ്പതികളുടെ മകനായ മുഹമ്മദ് ഖുബൈബ് ഓൺലൈനിൽ ഇ-കോഴ്സുകൾ അറ്റൻഡ് ചെയ്തു കൊണ്ടാണ് ലോക്ക്ഡൗൺ കാലത്തിനെ ചലഞ്ച് ചെയ്തത്.
വിവിധ അന്താരാഷ്ട്ര സർവകലാശാലകളും സ്വകാര്യ ഏജൻസികളും ഗൂഗിൾ ഉൾപ്പടെയുള്ള കോർപറേറ്റ് സ്ഥാപനങ്ങളും നടത്തുന്ന 600 ഇ-കോഴ്സുകളാണ് 21കാരനായ ഈ മിടുക്കൻ വെറും 135 ദിവസംകൊണ്ട് പൂർത്തീകരിച്ചത്!
2021 ഫെബ്രുവരി 5ന് ആദ്യ ഓൺലൈൻ കോഴ്സ് പൂർത്തീകരിച്ച ഖുബൈബ്, ജൂൺ 20ന് തന്റെ 600ആമത്തെ ഇ-കോഴ്സ് പൂർത്തീകരിച്ചു. ഇതിനിടയിൽ 135 ദിവസങ്ങളാണ് ഉണ്ടായത്.
ഈ 135 ദിവസങ്ങളിലെ ആകെയുള്ള 3240 മണിക്കൂറുകളിൽ 1350 മണിക്കൂറുകൾ അഥവാ ദിവസത്തിലെ 10 മണിക്കൂറുകൾ ഉറങ്ങാനും പ്രാർഥിക്കാനും മറ്റു പ്രാഥമികാവശ്യങ്ങൾക്കും മാറ്റിവച്ചതൊഴിച്ചാൽ ബാക്കിവരുന്ന 1890 മണിക്കൂറും വിവിധ ഓൺലൈൻ കോഴ്സുകൾ അറ്റൻഡ് ചെയ്തു! രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ!
നാലര മാസത്തിനകം സ്വന്തമാക്കിയ 600 സർട്ടിഫിക്കറ്റുകളിൽ 200ഓളം സര്‍ട്ടിഫിക്കറ്റുകള്‍ മൈക്രോ സോഫ്റ്റിന്റേത് മാത്രമാണ്! യുനൈറ്റഡ് നാഷന്‍സ്, ഗൂഗ്ൾ, കാലിഫോര്‍ണിയ സർവകലാശാല, ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി, ലോകാരോഗ്യ സംഘടന എന്നിവയുടെ കോഴ്സുകൾ ഉൾപ്പടെയാണ് 600 ഇ-കോഴ്സുകൾ ഖുബൈബ് പൂർത്തീകരിച്ചത്!
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, എക്കണോമിക്സ്, മാനേജ്മെന്റ്, ഭാഷാപഠനം, ഡിസൈനിംഗ് എന്നീ മേഖലകളിലെ കോഴ്സുകളാണ് പ്രധാനമായും ചെയ്തത്. ബികോം ഒന്നാം വര്‍ഷം പഠനം തുടരുന്ന ഖുബൈബ് മലപ്പുറം മഅ്ദിന്‍ അക്കാദമി ദഅവ കോളജ് വിദ്യാര്‍ഥിയാണ്. ബികോമിനൊപ്പം സിഎംഎ ഫൗണ്ടേഷന് കോഴ്സും പഠിക്കുന്നുണ്ട് ഖുബൈബ്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ സമയത്ത് 125 ഇ-കോഴ്സുകൾ പൂർത്തീകരിച്ച് മഹ്മൂദുൽ ഹസൻ അഹ്സനിയിൽ നിന്ന് പ്രചോദനവും മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രോൽസാഹനവും പ്രാർഥനയും, പ്രയത്നത്തോടൊപ്പം ഇത് രണ്ടുമാണ് തന്നെ ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ പ്രാപ്തനാക്കിയത്; ഖുബൈബ് മലബാർ ന്യൂസിനോട് പറഞ്ഞു.

‘ഇത്തരം വിദ്യാർഥികളും മാതൃകയാണ്. സാമൂഹിക മാദ്ധ്യമങ്ങളും ഇന്റർനെറ്റും ഉൾപ്പടെയുള്ള സാങ്കേതിക സൗകര്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഖുബൈബിന്റെ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നതുമാണ്. പുതിയ തലമുറ ഓണ്‍ലൈന്‍ മേഖലയിലെ ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം, മഅ്ദിന്‍ ചെയര്മാന് ഖലീല്‍ അല്‍ ബുഖാരി സമൂഹത്തെ ഓർമപ്പെടുത്തി. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളെ ഇത്തരം ഫലപ്രദമായ മാർഗത്തിലൂടെ വിനിയോഗിക്കണമെന്നും‘ മഅ്ദിന്‍ ചെയര്മാന് പറഞ്ഞു.
Most Read: ബാദുഷ: എട്ട് ലക്ഷം വിശപ്പിന് പരിഹാരമായി മുന്നേറുന്ന കൊച്ചിയിലെ ‘സിനിമാ കിച്ചന്റെ’ നട്ടെല്ല്







































