മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യകുലത്തിന് തണലാകുന്ന കോടിക്കണക്കിന് ‘മനുഷ്യരുടെ’ സൗജന്യ സേവന പ്രവർത്തനങ്ങളാണ് ലോകമാകമാനം നടന്നു കൊണ്ടിരിക്കുന്നത്. അതിൽ, വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കുന്ന വ്യക്തികളും സംഘടനകളുമുണ്ട്.
രാപ്പകലില്ലാതെ കുടിവെള്ളമെത്തിച്ചും ഗ്രാമങ്ങളിലെ മരുന്നാവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുത്തും രോഗികളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചും ദരിദ്ര കുടുംബങ്ങളിൽ സൗജന്യ വീട്ടുസാധങ്ങൾ എത്തിച്ചു നൽകിയും മറ്റും സഹായമായി നിൽക്കുന്ന എത്രയോ ഒറ്റപ്പെട്ട ‘മനുഷ്യരും’ സംഘടനകളുമുണ്ട്. ഇനിയും നാമാവശേഷമാകാത്ത നൻമയുടെ ഈ തുരുത്തുകളാണ്, യഥാർഥത്തിൽ ഭൂമിയിൽ ബാക്കിയാകുന്ന വെളിച്ചം.
ജോലിയുടെ ഭാഗമായോ, സർക്കാർ സംവിധാനങ്ങളുടെ ഭാഗമായതിനാലോ നിയമന റൂളനുസരിച്ച് ‘അമിത’ ജോലി ‘ചെയ്യേണ്ടി’ വരുന്നവരല്ല ഇവർ. മഹാമാരിക്കാലം ലാഭകരമായ കച്ചവടമാക്കാൻ ഇറങ്ങിയവരുമല്ല ഇവർ. ഈ ദുരന്ത കാലത്തിന്റെ മറവിൽ പ്രത്യക്ഷമായോ പരോക്ഷമായോ ‘ഭൗതിക നേട്ടങ്ങൾ‘ ഉണ്ടാക്കാൻ ഇറങ്ങിയവരുമല്ല. പിന്നെയോ, ‘മനുഷ്യനാവാൻ‘ ശ്രമിക്കാനുള്ള ആവശ്യമായ വിദ്യാഭ്യാസവും സംസ്കാരവും നൻമയും അടിസ്ഥാനപരമായി, വരമായോ ജീവിത വഴികളിൽ നിന്നോ ലഭിച്ചതിനാൽ മനുഷ്യ ജീവിയിൽ നിന്ന് ‘മനുഷ്യനിലേക്ക്’ പരിണാമം ചെയ്യാൻ ശ്രമിക്കുന്നവരാണ് ഇവർ.

ഇത്തരത്തിലുള്ള അപൂർവം ആളുകളിൽ നിന്ന് ഭൂമിയിൽ പരക്കുന്ന വെളിച്ചംകൊണ്ടാണ് ഈ ഭൂമി ഇരുൾവീണ് നശിക്കാത്തത്. ഇക്കൂട്ടത്തിൽ ഒരാളാണ് മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻഎം ബാദുഷ. 25വർഷങ്ങൾക്ക് മുൻപ് സിനിമയുടെ ലോകത്തേക്ക് എത്തിച്ചേർന്ന, ക്ഷമയും ശ്രദ്ധയും സത്യസന്ധതയും കൈമുതലാക്കി ഒരേ സമയം 13 സിനിമകളുടെ നിർമാണ നിയന്ത്രണം ചെയ്യാവുന്ന നിലയിലേക്ക് വളർന്ന ഇദ്ദേഹം നേതൃത്വം കൊടുക്കുന്ന ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ‘ ഇതുവരെ 8 ലക്ഷത്തിലധികം വിശക്കുന്ന വയറുകൾക്കാണ് പരിഹാരമായത്! ചെറിയപെരുന്നാൾ ദിനമായ ഇന്നലെയും 500 പേർക്ക് ബിരിയാണി എത്തിച്ചു!
ബാദുഷ അഥവാ സുൽത്താൻ
പ്രായം 45ൽ താഴെയാണെങ്കിലും ഇഷ്ടംകൊണ്ടും ബഹുമാനംകൊണ്ടുമാകാം മിക്കവരും ബാദുഷയെ വിളിക്കുന്നത് ‘ബാദുക്ക’ എന്നാണ്. ചിലപ്പോൾ, ബാദുഷ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന ‘സുൽത്താൻ‘ ഉള്ളതുകൊണ്ടുമാകാം ‘ബാദുക്ക‘ എന്നവിളി. എന്തായാലും ഇദ്ദേഹം ഈ വിളിയെ തിരുത്താറില്ല.
പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ കൺട്രോളർ, പ്രൊജക്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ, കോ-പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നിങ്ങനെ 25 വർഷംകൊണ്ട് ഘട്ടം ഘട്ടമായി വളർന്ന് ‘നിഴൽ’ സിനിമയിലൂടെ നിർമാതാവായി മാറിയ ബാദുഷക്ക്, മൂന്നുമാസത്തെ ഇടവേളയിൽ രണ്ടു തവണ കോവിഡ് വരികയും ക്രിട്ടിക്കൽ സ്റ്റേജിനടുത്തുവരെ പോകുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ രോഗഗൗരവം കൃത്യമായറിയാം. എന്നിട്ടും സ്വന്തം ആരോഗ്യ സുരക്ഷപോലും വകവെക്കാതെ ഇത്തരമൊരു സാമൂഹിക പ്രവർത്തിക്ക് നേതൃത്വം കൊടുക്കാൻ അദ്ദേഹം എടുക്കുന്ന ‘റിസ്ക്‘ നേരിട്ടറിഞ്ഞതാണ് ഇത്തരമൊരു ആർട്ടിക്കിൾ ചെയ്യാൻ മലബാർ ന്യൂസിനെ പ്രേരിപ്പിച്ചത്.
‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ’ എന്ന ‘സിനിമാ കിച്ചൺ’
2020 മാർച്ചിലാണ് ബാദുഷയുടെ നേതൃത്വത്തിൽ ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ‘ ആരംഭിക്കുന്നത്.പക്ഷെ, ഇന്നിതിനെ സ്നേഹത്തോടെ ആളുകൾ വിളിക്കുന്നത് ‘സിനിമാ കിച്ചൺ‘ എന്നാണ്. പ്രമുഖ നിർമാതാക്കളായ മഹാ സുബൈർ, ആന്റോ ജോസഫ്, ആഷിഖ് ഉസ്മാൻ, ഇച്ചയീസ് പ്രൊഡക്ഷൻസിന്റെ മനു, നടൻമാരായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ജോജു ജോർജ്, സൗബിൻ സാഹിർ തുടങ്ങി പേരുപറഞ്ഞാൽ അറിയാത്തതും അറിയുന്നതുമായ മനുഷ്യപ്പറ്റുള്ള ഒട്ടനേകം പേരുടെ വിയർപ്പിന്റെ വിഹിതത്തിൽ നിന്നാണ് എട്ട് ലക്ഷത്തിലധികം ആളുകളുടെ വിശപ്പിന് പരിഹാരമായ മഹാ പ്രസ്ഥാനമായി ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചൺ‘ എന്ന ‘സിനിമാ കിച്ചൺ‘ വളർന്നത്.

ബാദുഷ പറയുന്നു; യഥാർഥത്തിൽ സുബൈർക്കയാണ് എന്നെ ഇതിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായി ലോക് ഡൗൺ പ്രഖ്യാപിച്ച സമയം. നമ്മുടെയൊക്കെ തലമുറയിൽ ചിന്തിക്കാൻ പോലും അസാധ്യമായ ആ ലോക് ഡൗൺ സംഭവിച്ചതിന് അടുത്ത ദിവസം ഞാനും നിർമാതാവ് മഹാ സുബൈർക്കയും തമ്മിൽ നടന്ന ഒരു സംസാരത്തിലാണ് ആശയം ഉണ്ടാകുന്നത്. ഞങ്ങൾ നിലവിലെ സാമൂഹിക സാഹചര്യം ഉൾപ്പടെയുള്ള കാര്യങ്ങളിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സുബൈർക്ക പറഞ്ഞു, നമുക്കൊരു നൂറോ ഇരുന്നൂറോ പേർക്കുള്ള ഭക്ഷണം ഉണ്ടാക്കികൊടുത്താലോ.. എന്റെ അനിയൻ നടത്തുന്ന കാറ്ററിങ് യൂണിറ്റിന്റെ കിച്ചൺ കിടപ്പുണ്ട്. അവിടെനിന്ന് ചെയ്യാം എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു; അതുകൊണ്ടു ഒന്നും ആകില്ല. നമുക്കത് 500 പേർക്കുള്ളത് ആക്കാം. അങ്ങിനെ ആന്റോജോസഫ്, ആഷിഖ് ഉസ്മാൻ, ഇച്ചയീസ് പ്രൊഡക്ഷൻസിന്റെ മനു, നടൻമാരായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ജോജു ജോർജ് ഉൾപ്പടെ പലരെയും വിളിച്ചു. അവരെല്ലാവരും പൂർണ പിന്തുണ പ്രഖ്യാപിച്ചു. അതാണ് തുടക്കം.

അങ്ങനെ, 500 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനായി ഇറങ്ങിയപ്പോഴാണ് പട്ടിണിയുടെ വ്യാപനവും ആഴവും അറിയുന്നത്. വിശപ്പിലും വലിയ വേദന മറ്റെന്താണ്. അതനുഭവിച്ചവർക്കേ ആ വേദന മനസിലാകൂ. പ്രത്യേകിച്ചും ദാരിദ്ര്യം അങ്ങേയറ്റം എത്തിയാലും ഒരാളുടെ മുന്നിൽ കൈനീട്ടാൻ മടിയുള്ള ഒരുവലിയ വിഭാഗമുണ്ടിവിടെ. അത്തരം ആളുകളെയും ഈ വിതരണത്തിന് ഇടയിൽ കണ്ടു. ദരിദ്ര ജനതയുടെ കോളനികൾ, റോഡരികിലും തെരുവിലും ഉറങ്ങുന്നവർ, നമ്മുടെ നാട്ടിലെത്തിയ അഥിതി തൊഴിലാളികൾ, പാവപ്പെട്ട സാധാരണ മനുഷ്യർ എത്തിച്ചേരുന്ന സർക്കാർ ആശുപത്രികൾ, തെരുവ് കച്ചവടക്കാർ, ഹോട്ടലുകളും കടകളും മറ്റും സുലഭമല്ലാത്തതിനാൽ ഭക്ഷണം കിട്ടാതെ വലയുന്ന, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറി തൊഴിലാളികൾ….നീളുന്ന നിര.
ഇതെല്ലാം വിതരണത്തിന് പോയ എല്ലാവരുടെയും മനസുകളെ സ്വാധീനിച്ചു. അത്കൊണ്ട് തന്നെ ഈ പരിപാടി നിറുത്തി വീട്ടിലിരിക്കാൻ മനസനുവദിച്ചില്ല. അടുത്ത ദിവസവും ചെയ്തു.. അതിനടുത്ത ദിവസവും…അങ്ങനെയത് ലോക് ഡൗൺ തീരുന്നതുവരെ നീണ്ടു. ഒരു ദിവസത്തെ വിതരണം 8000 ഭക്ഷണപൊതികൾ വരെയെത്തി!. ഇതുവരെ 8 ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ നാമെത്തിച്ചുനൽകി. പിന്നീട് ലോക് ഡൗൺ ഇല്ലാതാവുകയും ആളുകൾ സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചു തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ഞങ്ങൾ നിറുത്തിയത്.

പിന്നീട്, ഈ ലോക് ഡൗൺ വന്നപ്പോൾ അനേകം ആളുകൾ വിശപ്പുമായി ഞങ്ങളെ അന്വേഷിച്ചു വന്നുതുടങ്ങി. അതാണ് വീണ്ടും തുടങ്ങാൻ കാരണമായത്. എജി മുസദ്ദിഖ്, ഇകെ നൗഷാദ്, അഷ്ഫാഖ് ടിഎം എന്നിവരും അവരുടെ സുഹൃത്തുക്കളും സൗജന്യമായി വിട്ടുതന്ന കാറ്ററിങ് യൂണിറ്റ് കിച്ചണിലാണ് ഇത്തവണ ‘സിനിമാ കിച്ചൺ‘ ആരംഭിച്ചിരിക്കുന്നത്.
നിലവിലെ സാമ്പത്തിക സാഹചര്യവും സിനിമാ മേഖല അനുഭവിക്കുന്ന അതീവഗുരുതരമായ പ്രതിസന്ധിയും മൂലം പരിമിതികളുണ്ട്. കോവിഡ് വ്യപനരീതിയും പ്രോട്ടോകോളും കാരണം ദൂരേക്ക് പോകാനും എത്തിക്കാനും തടസവുമുണ്ട്. അവരൊക്കെ എന്താണ് ചെയുന്നുണ്ടാകുക എന്നറിയില്ല. അതാലോചിക്കുമ്പോൾ നല്ല വിഷമം ഉണ്ട്. പക്ഷെ, നിർവാഹമില്ല. അതുകൊണ്ട് പരിസരങ്ങളിലെ ഏറ്റവും ദരിദ്രരായ, 500ഓളം പേർക്കാണ് ഇപ്പോൾ ഭക്ഷണം എത്തിക്കുന്നത്; ബാദുഷ വ്യക്തമാക്കി.
പ്രവർത്തനത്തിനുള്ള മനുഷ്യധ്വാനവും പണവും
ബാദുഷയുടെ പേരിൽ ഇദ്ദേഹത്തെ സ്നേഹിക്കുന്ന കുറച്ചാളുകൾ രുപം നൽകിയ ബാദുഷ ലൗവേഴ്സ് എന്നൊരു സാമൂഹിക മാദ്ധ്യമ കൂട്ടായ്മയുണ്ട്. 7000ത്തിലധികം അംഗങ്ങളുണ്ട് ഇതിനകത്ത്. ഇവരിൽ പലരും സന്നദ്ധ പ്രവർത്തകരായി വരും. ഇത് കൂടാതെ, മറ്റുള്ള രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള സന്നദ്ധ സംഘടനാ പ്രവർത്തകരും മറ്റുചെറുപ്പകാരുമെല്ലാം സഹകരിക്കാറുണ്ട്. ആർക്കും സാമ്പത്തികമായി ഒന്നും നൽകേണ്ടതില്ല. കോവിഡ് പ്രോട്ടോകോൾ കാരണം സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി വരുന്ന എല്ലാവരെയും ഉൾപെടുത്താൻ കഴിയുന്നില്ല എന്നത് മാത്രമാണ് പ്രശ്നം. അത്രക്കധികം പേര് ഈ പ്രസ്ഥാനവുമായി തങ്ങളുടെ ശരീരംകൊണ്ടും സഹകരിക്കാൻ തയ്യാറായി നിൽപ്പുണ്ട്.

അതുകൊണ്ടു ആളുകൾ മാറി മാറിയാണ് മിക്കദിവസവും സേവനത്തിന് എത്തുന്നത്. ഓരോ ഭക്ഷണപൊതിക്ക് പിന്നിലും ഇവരുടെ ആത്മാർഥമായ പരിശ്രമവും സ്നേഹവും കരുതലുമുണ്ട്. ഒരു രൂപ പ്രതിഫലം വാങ്ങിക്കാതെ, സ്വയം തയ്യാറായി വന്ന് സേവനം ചെയ്യുന്ന ഈ മനുഷ്യരും കൂടി ചേരുന്നതാണ് ‘സിനിമാ കിച്ചൺ‘.
വിതരണവും ഇവർതന്നെയാണ് നടത്തുന്നത്. വാഹനവും ഇന്ധനവും സാധനനങ്ങൾ വാങ്ങാനുള്ള തുകയും നേരേത്ത പറഞ്ഞതുപോലെ സിനിമാ സൗഹൃദങ്ങളിൽ നിന്നും മറ്റു സുഹൃത്തുക്കളിൽ നിന്നും കണ്ടെത്തും. പലപ്പോഴും ഇത് തികയാതെ വരും. ബാക്കി വരുന്നത് ബാദുക്ക കയ്യിൽനിന്ന് വെയ്ക്കും; ഇദ്ദേഹത്തിന്റെ ഫാൻക്ളബ് സ്ഥാപകനും മലയാള സിനിമയിലെ പിആർഒയുമായ ശിവപ്രസാദ് പറഞ്ഞു.
ബാദുഷ ലൗവേഴ്സ്; സിനിമാ ചരിത്രത്തിൽ ആദ്യം
ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഒരു പ്രൊഡക്ഷൻ കൺട്രോളറോടുള്ള ഇഷ്ടത്തിൽ നിന്ന് ഇത്തരമൊരു കൂട്ടായ്മ ഉണ്ടാകുന്നത്. ‘ബാദുക്കാനോടുള്ള സ്നേഹവും അടുപ്പവും അദ്ദേഹത്തിന്റെ പ്രവർത്തികളിലുള്ള ആത്മാർഥതായും അനുഭവിച്ചവരിലൂടെ രൂപം കൊണ്ടതാണ് ‘ബാദുഷ ലൗവേഴ്സ്‘ എന്ന കൂട്ടായ്മ.

ബാദുക്കക്ക് താൽപര്യമില്ലെങ്കിലും അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതിനകത്തെ ഒട്ടനവധി അംഗങ്ങൾ കേരളമാകമാനം ചെറുതും വലുതുമായ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഏഴായിരത്തിലധികം ഫോളോവേഴ്സാണ് ഈ കൂട്ടായ്മയിൽ ഇന്നുള്ളത്’; ശിവപ്രസാദ് പറഞ്ഞു.
ബാദുഷയുടെ മറ്റു പ്രവർത്തനങ്ങൾ
‘ബാദുക്ക വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിൽ പലതും ഞങ്ങൾക്കറിയാം. പക്ഷെ, അദ്ദേഹം അതിന് വലിയ പ്രാമുഖ്യം കൊടുക്കുന്നില്ല. 20ഓളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ലോക് ഡൗൺ കാലത്ത് കേരളത്തിലെ പലയിടങ്ങളിലായി 500ലധികം കുട്ടികൾക്കാണ് ലപ്ടോപ്, ടിവി, മൊബൈൽ എന്നിങ്ങനെ ആവശ്യമുള്ള പലസഹായങ്ങളും എത്തിച്ചത്. വർഷങ്ങളായി വിവിധ സ്ഥലങ്ങളിലുള്ള രോഗികൾക്ക് ഡയാലിസിസ് സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്.

അതിനാവശ്യമായ ചെലവ് കണ്ടെത്തി നൽകുന്നതും ഇദ്ദേഹം തന്നെയാണ്. സിനിമാ രംഗത്തെ പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത പലരും ബാദുക്ക വഴി പല സഹായങ്ങളും സമൂഹത്തിൽ എത്തിക്കുന്നുണ്ട്. ഇതുകൂടാതെയാണ് ബാദുക്കയുടെ സ്വന്തം വരുമാനത്തിന്റെ വലിയപങ്ക് ഇത്തരം പ്രവർത്തികൾക്കായി ചിലവഴിക്കുന്നത്. പണം സമ്പാദിക്കുക എന്നതിനേക്കാൾ ‘മനുഷ്യത്വം’ എന്നതിന് വലിയ പരിഗണന നൽകുന്ന ആളാണ് ബാദുക്ക. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും പരിഗണിക്കാറില്ല ഇദ്ദേഹം; ശിവ പ്രസാദ് വിശദീകരിച്ചു.
ഇവരില്ലങ്കിൽ ഇന്നത്തെ ബാദുഷ ഉണ്ടാകില്ലായിരുന്നു
‘എന്റെ ഭാര്യയും കുട്ടികളും, എന്റെ ഉമ്മ, മരണപ്പെട്ട എന്റെ ഉപ്പ, എന്റെ സഹോദരങ്ങൾ, എനിക്ക് വഴിയൊരുക്കിയ പ്രിയ സുഹൃത്തുക്കളായ ഷിജു അരൂർ, കുട്ടൻ ആലപ്പുഴ, വഴികാട്ടിയും വെളിച്ചവുമായി നിന്ന മമ്മൂക്ക, കലാഭവൻ മണി, ഹസീബ് ഹനീഫ്, കെകെ ഹരിദാസ്, പ്രമോദ് പപ്പൻ, ആന്റോ ജോസഫ്, ആൽവിൻ ആന്റണി, രവി ഇവരൊക്കെയാണ് ജീവിതത്തിലെ നിറവുകൾ”, ബാദുഷ കൂട്ടിച്ചേർത്തു.

ബാദുഷയുടെ കുടുംബം
ആലപ്പുഴ ജില്ലയിലെ ചേർത്തലക്ക് സമീപം ചന്തിരൂരിൽ പരേതനായ മുഹമ്മദാണ് പിതാവ്. ബാദുഷ ഇപ്പോൾ കൊച്ചിയിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുന്നു. പ്രവർത്തികളിലെപോലെ ജീവിതത്തിലും മതപരമായ വേലിക്കെട്ടുകൾ പടിക്ക് പുറത്ത് നിറുത്തിയ ഇദ്ദേഹത്തിന്റേത് പ്രണയ വിവാഹമായിരുന്നു. പത്തനതിട്ടയിലെ കർഷക കുടുംബത്തിൽ നിന്നുള്ള മഞ്ജുവാണ് ജീവിതത്തിലെ പങ്കാളി. മിശ്ര വിവാഹിതരായ ഇവർക്ക് രണ്ടുമക്കളാണ് ഉള്ളത്. 15കാരനായ കുഞ്ഞുഗായകൻ സഹീറും 12കാരിയും, നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്ത ഷിഫ എന്ന മോളും ബാദുഷയുടെ ഉമ്മയും അടങ്ങുന്നതാണ് കുടുംബം.

സഹധർമിണി മഞ്ജു പറയുന്നു
‘ഞാൻ ജീവിതത്തിലേക്ക് വരുമ്പോഴും ബാദുക്ക ഇങ്ങിനെയാണ്. എപ്പോഴും സമൂഹത്തിന്റെ കാര്യങ്ങളിൽ എൻഗേജ്ഡ് ആയിരിക്കുന്ന സ്വഭാവമാണ്. എനിക്കതിൽ സന്തോഷമല്ലാത്ത ഒരു പ്രത്യേകതയും അതുകൊണ്ടു തോന്നാറില്ല. മക്കളും ഞാനും എപ്പോഴും പൂർണ സപ്പോർട്ടാണ്. കാരണം, സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യൻ എന്ന നിലയിൽ നമ്മളെകൊണ്ട് ചെയ്യാൻ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങൾ സമൂഹത്തിനായി ചെയ്യുക. അത്രമാത്രമേ ഞാനും ബാദുക്കയും കുട്ടികളും ഇതിനെ കാണുന്നുള്ളൂ. അതിനായി ഒരുപാട് നല്ല സുഹൃത്തുക്കളുടെ സഹായവുമുണ്ട്’; മഞ്ജു പറഞ്ഞു.

മട്ടുപ്പാവുകളിലിരുന്നു മുകളിലേക്ക് മാത്രം നോക്കി ജീവിക്കുന്ന അനേകരുള്ള സിനിമയുടെ ലോകത്ത് നിന്ന് അപൂർവമായാണ് ഇത്തരം പൂർണ ചന്ദ്രോദയങ്ങൾ ഉണ്ടാകുന്നത്. പുതിയ തലമുറയിലെ പലരും ഇവരൊയൊക്കെ മാതൃകയാകുന്നത് കൊണ്ടാകാം, സിനിമാലോകത്ത് മനുഷ്യപ്പറ്റുള്ള ഒട്ടനേകം പേരാണ് ഇന്നുള്ളത്. ഇവരുടെയൊക്കെ നിരവധി സഹായങ്ങൾ പലവഴികളിൽ സമൂഹത്തിൽ എത്തുന്നുമുണ്ട്.
വിശക്കുന്ന വയറുകൾക്ക് ഈ ദുരന്ത കാലത്ത് അന്നംനൽകാൻ, പണംകൊണ്ടും മനുഷ്യധ്വാനം കൊണ്ടും, സൗകര്യങ്ങൾകൊണ്ടും സഹായിക്കുന്ന എല്ലാവർക്കും നല്ലതുവരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. ഒപ്പം, നന്ദിയോടെ, അതിലേറെ വിനയത്തോടെ നമുക്കിവരോട് പറയാം; ‘ വരുമാനത്തിന്റെയും ബന്ധങ്ങളുടെയും ഉയരങ്ങൾ ഇനിയുമിനിയും കീഴടക്കാൻ നിങ്ങൾക്ക് കഴിയട്ടെ‘, കാരണം, നിങ്ങളെപോലുള്ളവരുടെ വളർച്ച സമൂഹത്തിന് ഗുണം ചെയുന്നുണ്ട്.
Most Read: ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്നേഹം; വൈറലായി കുട്ടിയാനയും യുവാവും