ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി. തേനി എംപി പി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടിലുള്ള ഏക എംപി സ്ഥാനവും നഷ്ടപ്പെട്ടു. അണ്ണാ ഡിഎംകെ വിമത നേതാവ് ഒ പനീർസെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 76,319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തേനിയിൽ നിന്നും വിജയിച്ചിരുന്നു. എന്നാൽ, ഈ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തേനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ടിനായി എംപി തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകി, അധികാര ദുർവിനിയോഗം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയിൽ ഉണ്ടായിരുന്നത്.
ഹരജിയിൽ വാദം പൂർത്തിയായതിന് ശേഷമാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം, അയോഗ്യത നടപ്പിലാക്കുന്നതിന് 30 ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. അയോഗ്യനാക്കപ്പെട്ടതോടെ കനത്ത തിരിച്ചടിയാണ് തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് ഉണ്ടായത്. ഇതോടെ തമിഴ്നാട്ടിലെ ഏക എംപിയെയും പാർട്ടിക്ക് നഷ്ടമായി.
Most Read: ‘വർഗീയ ശക്തികൾക്ക് എതിരായ പോരാട്ടം തുടങ്ങി, പാർട്ടിയെ വീണ്ടെടുക്കും’; ശരത് പവാർ