മുംബൈ: മഹാരാഷ്‌ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ് 22 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നത് ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു.
വൻവിജയം നേടിയിട്ടും പത്ത് ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും (ബിജെപി) ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിൻഡെയും (ശിവസേന) അജിത് പവാറും (എൻസിപി) സത്യപ്രതിജ്‌ഞ ചെയ്‌തത്. നാഗ്‌പുരിലെ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്.
19 പേർ ബിജെപിയിൽ നിന്നും 11 പേർ ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്നും ഒമ്പത് പേർ എൻസിപി വിഭാഗത്തിൽനിന്നും ഉള്ളവരാണ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്. 33 പേർക്ക് കാബിനറ്റ് പദവി ലഭിച്ചപ്പോൾ ആറുപേർ സഹമന്ത്രിമാരാണ്.
മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ ആഭ്യന്തരവകുപ്പ് നേടിയെടുക്കാൻ ഷിൻഡെ സമ്മർദ്ദം ചെലുത്തിയതാണ് മന്ത്രിമാരുടെ എണ്ണം നിശ്‌ചയിക്കലും വകുപ്പ് വിഭജനവും വൈകാൻ ഇടയാക്കിയത്. മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാൻ ഫഡ്‌നാവിസും അജിത് പവാറും ഡെൽഹിയിലേക്ക് പോയപ്പോഴും ഷിൻഡെ വിട്ടുനിന്നു.
57 എംഎൽഎമാരുള്ള ഷിൻഡെയ്‌ക്ക് 41 എംഎൽഎമാരുള്ള അജിത് പവാറിനും, മന്ത്രിമാരാകാൻ ആഗ്രഹിക്കുന്ന സ്വന്തം പക്ഷക്കാരിൽ നിന്ന് കടുത്ത സമ്മർദവുമുണ്ടായിരുന്നു. തിങ്കളാഴ്‌ച മുതൽ നാഗ്‌പുരിൽ ശീതകാല സമ്മേളനം ആരംഭിക്കും.
Most Read| വിഴിഞ്ഞം തുറമുഖം; ലാഭവിഹിതം പങ്കുവെക്കണം- ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം