ന്യൂഡെൽഹി: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ)യുടെ വിജയത്തെ അഭിനന്ദിച്ച് എൻസിപി മേധാവി ശരദ് പവാർ. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളെയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉദ്ധവ് താക്കറെ നയിക്കുന്ന സർക്കാരിനെ ജനങ്ങൾ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമാണിതെന്നും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ അമ്രിഷ് പട്ടേലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വലിയ പിന്തുണ ഉണ്ടായിരുന്നെങ്കിലും അമ്രിഷിന്റേത് യഥാർഥ വിജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരും; കര്‍ഷക യൂണിയന് നേതാവ്
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലജിസ്ളേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം വൻ വിജയമാണ് നേടിയത്. നാല് സീറ്റുകൾ മഹാ വികാസ് അഘാഡി തൂത്തുവാരിയപ്പോൾ ആകെ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപി പിടിച്ച് നിന്നത്.
പാർട്ടിയുടെ ശക്തി കേന്ദ്രമായ നാഗ്പൂരിലും പുനെയിലും ബിജെപിയ്ക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ധുലെ-നന്ദുര്‍ബറില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. എന്നാൽ നാഗ്പൂരിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പിതാവ് ഗംഗാധർ റാവു ഫഡ്നാവിസ് എന്നിവർ പ്രതിധീകരിച്ച സീറ്റാണ് നാഗ്പൂർ.