കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാൾ എന്ന ഖ്യാതിയോടെ തുറന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിൽ. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമുൾപ്പെടെ പങ്കെടുത്ത വിപുലമായ ഉദ്ഘാടന ചടങ്ങിലാണ് 2018ൽ മാൾ നാടിന് സമർപ്പിച്ചത്.
കൊറോണ വ്യാപനവും സമ്പൂർണ ലോക്ക്ഡൗണും കാരണം അടച്ചിട്ട മാൾ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷവും പ്രവർത്തനം തുടങ്ങിയിട്ടില്ല. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് കച്ചവടം കുറഞ്ഞ് നഷ്ടത്തിലാവുകയായിരുന്നു. മഹിളാമാൾ എന്ന കൗതുകം അവസാനിച്ചതോടെ ആളുകൾ കയറാതെയുമായി. ഇതിനിടയിൽ കൊറോണ മൂലമുള്ള പ്രതിസന്ധിയിൽ വലഞ്ഞ ഇവർ വാടക കുറക്കാനുള്ള ആവശ്യമുന്നയിച്ചിട്ടും അനുകൂല സമീപനം ഉണ്ടായില്ലയെന്നും പരാതിയുണ്ട്. പല സംരംഭകരും ഇതിനിടയിൽ നഷ്ടം സഹിക്കാനാവാതെ കച്ചവടം മതിയാക്കി പാതി വഴിയിൽ ഉപേക്ഷിച്ചു പോയി.
പത്ത് വനിതകൾ അടങ്ങുന്ന കുടുബശ്രീ യുണിറ്റിനാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല. കച്ചവടം നടക്കാതായതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായി. ഭീമമായ വാടകയാണ് കടക്കാരിൽ നിന്നും കെട്ടിട ഉടമകൾ ഈടാക്കിയിരുന്നതെന്നും ആരോപണം ഉയർന്നിരുന്നു.
ബിസിനസ്സിൽ മുൻപരിചയമില്ലാത്ത വനിതാ സംരംഭകരായിരുന്നു ഭൂരിഭാഗവും. വാടക പ്രശ്നത്തിൽ ഉൾപ്പെടെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംരംഭകരെല്ലാവരും. മാൾ തുറക്കാനുള്ള വഴി തേടി സമരമുഖത്തേക്ക് ഉൾപ്പെടെ ഇറങ്ങാനാണ് ഇവരുടെ തീരുമാനം. നടത്തിപ്പുകാരുടെ ഉന്നതരാഷ്ട്രീയ ബന്ധങ്ങളാണ് വാടകതർക്കത്തിലും മറ്റ് വിഷയങ്ങളിലും കൂടുതൽ നടപടികൾ ഉണ്ടാവാത്തതിന്റെ കാരണമെന്നും ആരോപണങ്ങളുണ്ട്.







































