കണ്ണൂർ: തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. ബസ് സ്‌റ്റാൻഡിന് സമീപത്തെ കെവി കോംപ്ളക്‌സിലുള്ള കളിപ്പാട്ട വിൽപ്പനശാലയിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നുനില കെട്ടിടത്തിലെ പത്ത് കടകൾ പൂർണമായും കത്തിയമർന്നു.
അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. തീപിടിത്തമുണ്ടായ കടയ്‌ക്ക് സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ വിൽപ്പന ശാലകളിലേക്കും തീ പടർന്നതാണ് സ്‌ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്.
കോംപ്ളക്‌സിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടർന്നോയെന്നത് വ്യക്‌തമല്ല. എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്തെത്തി തീയണയ്‌ക്കുകയാണ്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. കോടികളുടെ നഷ്‌ടമാണ് ഉണ്ടായതെന്നാണ് വിലയിരുത്തൽ.
ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം, തീപിടിച്ചതോടെ നഗരത്തിലെ ഗതാഗതം പൂർണമായി സ്‌തംഭിച്ചു. വാഹനങ്ങൾ തൃച്ചംബരം ക്ഷേത്രം റോഡ് വഴിതിരിച്ചുവിട്ടു. ഇതിനിടെ വൈദ്യുതി കണക്ഷനും വിച്‌ഛേദിച്ചതോടെ നഗരം ഇരുട്ടിലായി. 7.45ഓടെയാണ് തീ അൽപ്പമെങ്കിലും ശമിപ്പിക്കാനായത്.
Most Read| ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി