മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചയോടെ വിവരം പോലീസിൽ അറിയിച്ചത്. വളാഞ്ചേരി പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേര് അറിയില്ലെങ്കിലും മൂന്നുപേരെയും കണ്ടാൽ തിരിച്ചറിയുമെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടിൽ കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. കസ്റ്റഡിയിലുള്ള രണ്ടുപേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തിരൂർ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
Most Read| അവയവക്കടത്ത്; എറണാകുളത്തെ രണ്ടു സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി