മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. അടുത്ത മാസം ആദ്യം പരിശോധനാ ക്യാമ്പ് നടത്താനാണ് തീരുമാനം.
ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്‌ഥാന തൊഴിലാളികൾ അടക്കമുള്ളവർ സഹകരിക്കാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. മലപ്പുറം ജില്ലയിൽ എച്ച്ഐവി പരിശോധിക്കാൻ ഏഴ് ഇന്റഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്‌റ്റിങ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ, ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്. ഇതോടെ, വിപുലമായ ക്യാമ്പ് നടത്തി പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
കേരള എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി ജനുവരിയിൽ നടത്തിയ പഠനത്തിലാണ് വളാഞ്ചേരിയിൽ പത്തുപേർക്ക് എച്ച്ഐവി ബാധ കണ്ടെത്തിയത്. ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവർക്കിടയിലായിരുന്നു പ്രധാനമായും സർവേ നടത്തിയത്. ഈ സർവേയിൽ വളാഞ്ചേരിയിൽ ഒരാൾക്ക് എച്ച്ഐവി സ്‌ഥിരീകരിച്ചു.
പിന്നീട് ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെട്ട വലിയ ലഹരി സംഘത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. സംഘത്തിലെ എല്ലാവരെയും ആരോഗ്യവകുപ്പ് പരിശോധനക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്‌ഥിരീകരിച്ചത്. മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് എച്ച്ഐവി സ്‌ഥിരീകരിച്ചത്. ഇവർ ലഹരി കുത്തിവെക്കാനായി ഒരേ സൂചികൾ പങ്കിട്ടതായി കണ്ടെത്തിയിട്ടുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ