മലപ്പുറം: ജില്ലയിലെ നിപ പ്രതിരോധം വിജയം. ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ പിരീഡായ 42 ദിവസം കഴിഞ്ഞതിനാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു.
മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ സ്‌ഥിരീകരിച്ചത്. ശക്‌തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തി. ഡബിൾ ഇൻക്യുബേഷൻ പിരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഒറ്റക്കെട്ടായി പ്രവർത്തിച്ച മുഴുവൻ ടീമിനെയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവർത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്‌ടമാണെന്നും മന്ത്രി ഓർമിച്ചു. പൂർണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണം ഏർപ്പെടുത്തി പ്രതിരോധം ശക്‌തമാക്കുകയാണ് ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!