മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നില്‍ യുവതി ആത്‍മഹത്യ ചെയ്‌തത് സ്‌ത്രീധന പീഡനത്തെ തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്‌ച ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ലിജിനയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.
പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ലിജിനയെ ഭര്‍ത്താവ് ഷാലുവും വീട്ടുകാരും നിരന്തരം മര്‍ദ്ദിച്ചെന്ന് സഹോദരി ബിജിന ആരോപിച്ചു. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഭര്‍തൃസഹോദരിയുടെ വീടിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ചാടിയാണ് ലിജിന ആത്‍മഹത്യ ചെയ്‌തത്. വിവാഹം കഴിഞ്ഞ നാളുകള്‍ മുതല്‍ ഭര്‍ത്താവും സഹോദരിയും ഭര്‍തൃമാതാവും ലിജിനയെ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
50 പവന്‍ സ്വര്‍ണവും വീട്ടിലേക്കുള്ള ഫ്രിഡ്‌ജും അലമാരയും അടക്കമുള്ള വസ്‌തുക്കളും ലിജിനക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും വീട്ടുകാര്‍ സ്‌ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. ആദ്യമൊന്നും ലിജിന സ്വന്തം വീട്ടുകാരോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല.
മരണത്തിന് മുമ്പാണ് സ്വന്തം വീട്ടിലെത്തി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഭര്‍തൃവീട്ടിലെ വസ്‌തുക്കൾ ഉപയോഗിക്കാന്‍ പോലും ലിജിനയെ അനുവദിച്ചിരുന്നില്ലെന്നും ബന്ധു പറഞ്ഞു. ആരോപണങ്ങള്‍ അടങ്ങിയ ലിജിനയുടെ ആത്‍മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
Most Read: അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി







































