കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ ഫ്‌ളാറ്റിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്.
ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തിയതാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള നടപടികൾ നടന്നുവരികയായിരുന്നു. വഴക്കിനെ തുടർന്ന് ഇരുവരും പരസ്‌പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇവർ തമ്മിൽ തർക്കിക്കുന്നതും മറ്റും തൊട്ടടുത്ത മുറികളിൽ താമസിക്കുന്നവർ കേട്ടതായും പറയുന്നു.
രാവിലെ കെട്ടിട കാവൽക്കാരൻ വന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പോലീസും ഫൊറൻസിക് വിഭാഗവും സ്‌ഥലത്തെത്തി മറ്റു നടപടികൾ സ്വീകരിച്ചു. ഇവരുടെ മക്കൾ നാട്ടിലാണ്. എറണാകുളം കീഴില്ലം സ്വദേശിനിയാണ് ബിൻസി.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ