ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കീഴ്‌ക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, വിഷയം അടുത്ത ദിവസം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ജയിലിൽ സന്ദർശനം നടത്തിയ പ്രതിപക്ഷ എംപിമാരുടെ സംഘം അറിയിച്ചു.
എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ തുടങ്ങിയവരുടെ സംഘമാണ് ഛത്തീസ്‌ഗഡിലെ ദുർഗിലെത്തിയത്. ബിജെപി നേതാവ് അനൂപ് ആന്റണിയും ഛത്തീസ്‌ഗഡിൽ എത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയെ അടക്കം കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും.
അതിനിടെ, കന്യാസ്‌ത്രീകളുടെ മോചനം വൈകുന്നതിൽ പ്രതിഷേധം വ്യാപകമാവുകയാണ്. വിഷയത്തിൽ കേരളത്തിൽ നാളെ വൈകീട്ട് തലസ്‌ഥാനത്ത് മാർച്ച് നടത്താൻ വിവിധ ക്രൈസ്‌തവ സഭകളും തീരുമാനമെടുത്തിട്ടുണ്ട്. സഭാധ്യക്ഷൻമാർ അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കും.
ശനിയാഴ്‌ചയാണ് ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്‌ത്രീകളെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്‌റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്‌റ്റർ പ്രീതി മേരി എന്നിവരാണ് അറസ്‌റ്റിലായത്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്‌ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.
Most Read| ദിവസവും 7000 ചുവടുകൾ നടന്നാൽ മതി, മരണസാധ്യത കുറയും! പുതിയ പഠനം പറയുന്നത്








































