ചെന്നൈ: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പാലക്കാട് സ്വദേശിയെന്ന് സ്‌ഥിരീകരണം. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്‌ഥിര താമസക്കാരിയുമായ രേഷ്‌മയാണ് (24) മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു രേഷ്‌മ. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.
കഴിഞ്ഞ 25ആം തീയതിയാണ് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ ഉദ്യോഗസ്‌ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്. കഴുത്തിൽ ഷാൾ മുറുക്കി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം.
ഭർത്താവുമായി പിണങ്ങി സ്വന്തം മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്‌മ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം രേഷ്‌മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക വിഷമത്തിലായിരുന്ന യുവതി 24നാണ് വീട് വിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് 25ന് ചെന്നൈ സെൻട്രൽ സ്‌റ്റേഷനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അതേസമയം, സംഭവദിവസം പുലർച്ചെ 1.45ന് കൈയിൽ വെള്ളക്കുപ്പിയുമായി രേഷ്‌മ റെയിൽവെ സ്‌റ്റേഷനിലെ അതീവ സുരക്ഷിത മേഖലയിലേക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. യുവതിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. എന്നാൽ, സുരക്ഷിത മേഖലയിലേക്ക് യുവതിക്ക് എങ്ങനെ കടക്കാനായി എന്നതിൽ കൃത്യമായ വിശദീകരണം നൽകാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Most Read| രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്




































