ബമാകോ: മാലി പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച സൈന്യം തടവിലാക്കിയതിനു പിന്നാലെയാണ് രാജി. പ്രധാനമന്ത്രി ബോബോ കിസ്സെയെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. ചില മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു മാസക്കാലമായി മാലിയിൽ ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് പ്രസിഡന്റിന്റെ രാജി. ഇന്ന് പുലർച്ചെയാണ് രാജിവക്കുന്നതായി കെയ്റ്റ അറിയിച്ചത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് കെയ്റ്റ രാജി പ്രഖ്യാപിച്ചത്. താൻ ഭരണത്തിൽ തുടരുന്നതുമൂലം രാജ്യത്ത് രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന ആമുഖത്തോടെയാണ് കെയ്റ്റ രാജി പ്രഖ്യാപനം നടത്തിയത്. രാജിയല്ലാതെ തനിക്കുമുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും കെയ്റ്റ വ്യക്തമാക്കി. ഭരണകൂടവും പാർലമെന്റും പിരിച്ചു വിടുന്നതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതോടെ ആഴ്ചകളായി നിലനിൽക്കുന്ന ഭരണ പ്രതിസന്ധി രൂക്ഷമായി.
ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് സൈനിക നീക്കമുണ്ടായത്. സായുധരായ പട്ടാളക്കാര്‍ പ്രസിഡന്റിന്റെ സ്വകാര്യ വസതി വളയുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാര്‍ക്കൊപ്പം ചേര്‍ന്നു.
അതേസമയം രാജ്യത്തിന്റെ ഭരണം സൈന്യം ഏറ്റെടുത്തോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. രാജ്യ ഭരണം സൈന്യം ഏറ്റെടുത്താൽ ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




































