ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്‘ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘മാലിക്’. അൻപത് കഴിഞ്ഞ ‘സുലൈമാൻ മാലിക്’ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്.
സുലൈമാന്റെ ഇരുപത് വയസ് മുതൽ അൻപത്തിയഞ്ച് വയസ് വരെയുള്ള രൂപഭാവങ്ങളിൽ ഫഹദ് പ്രത്യക്ഷപ്പെടുന്നുണ്ട്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്‌റ്റണ്ട് ഡയറക്‌ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.
Read Also: കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും







































