ന്യൂഡെൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണത്തിനായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. പ്രചാരണത്തിന് വയനാട്ടിലെത്താൻ മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
എന്നാൽ, മമതയുടെ വരവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കൂടി വിജയിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് അവിടേക്ക് പ്രിയങ്ക വരുന്നത്.
അതിനിടെ, ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനം അധിർ രഞ്ജൻ ചൗധരി രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന്റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന പിസിസി യോഗത്തിന് ശേഷമാണ് ചൗധരി രാജി പ്രഖ്യാപിച്ചത്. എന്നാൽ, രാജിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
രാജിക്ക് പിന്നാലെ മല്ലികാർജുൻ ഖർഗെയുമായുള്ള എതിർപ്പും ചൗധരി പരസ്യമാക്കി. ഖർഗെ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായതിന് ശേഷം ബംഗാളിൽ സംസ്ഥാന പ്രസിഡണ്ട് ഉണ്ടായിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. പുതിയ മുഴുവൻ സമയ പ്രസിഡണ്ടിനെ നിയമിക്കുമ്പോൾ അതേക്കുറിച്ച് മനസിലാകുമെന്നും ചൗധരി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിനെ ഇന്ത്യാ സഖ്യത്തിൽ ചേർക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതോടെ ചൗധരിയും ഖർഗെയുമായി ഭിന്നതകളുണ്ടായിരുന്നു. കോൺഗ്രസ് എംപി പി ചിദംബരവുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ചൗധരിയുടെ രാജി. മുർഷിദാബാദ് ജില്ലയിലെ ബഹാരാംപുർ മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ എംപിയായ ചൗധരി ഇത്തവണ തൃണമൂലിനായി മൽസരിച്ച ക്രിക്കറ്റ് താരം യൂസഫ് പഠാനോട് പരാജയപ്പെട്ടിരുന്നു.
Most Read| ചരിത്രപരമായ തീരുമാനം; സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ