ന്യൂഡെല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാം സാഹചര്യം പോലെ തീരുമാനിക്കും എന്നാണ് മമത പറഞ്ഞത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് സോണിയ ഗാന്ധി കരുതുന്നതായാണ് തനിക്ക് തോന്നുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“സോണിയ ജി എന്നെ ഒരു കപ്പ് ചായക്ക് ക്ഷണിച്ചു, രാഹുല്‍ ജിയും അവിടെയുണ്ടായിരുന്നു. പെഗാസസ്, രാജ്യത്തെ കോവിഡ് സാഹചര്യം എന്നിവ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. വളരെ നല്ല മീറ്റിംഗ് ആയിരുന്നു അത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും”- ഡെൽഹിയിൽ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം മമത പറഞ്ഞു.
അഞ്ച് ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിലാണ് മമതാ ബാനര്‍ജി. കഴിഞ്ഞ പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡെൽഹിയിലേക്ക് മമതയുടെ ആദ്യ യാത്രയാണിത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യമെന്ന ലക്ഷ്യം മുൻനിർത്തിയാണ് യാത്ര.
Read also: ആരുടെയും സമ്മർദ്ദമില്ല; വഴിമാറിയത് പുതിയ ആളുകൾക്ക് അവസരം നൽകാനെന്ന് യെദിയൂരപ്പ