പട്‌ന: ഇന്ത്യ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയേറുന്നു. ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്‌ഥാനത്തേക്ക് മമതയെ പിന്തുണച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി.
കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും സഖ്യത്തിന്റെ നേതൃത്വം മമതയെ ഏൽപ്പിക്കണമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ എൻസിപി നേതാവ് ശരത് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ മമത താൽപര്യമറിയിച്ചത്. മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യവുമായി ഞായറാഴ്‌ച തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാർട്ടി എംപിയായ കീർത്തി ആസാദാണ് ആവശ്യം ഉന്നയിച്ചത്.
ആ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യം മമതയാണെന്നായിരുന്നു പരാമർശം. എന്നാൽ, മമതയ്‌ക്ക് വഴങ്ങേണ്ട എന്നാണ് കോൺഗ്രസ് നിലപാട്. വിഷയത്തിൽ മമതയെ പിന്തുണച്ച് ലാലു പ്രസാദ് കൂടി രംഗത്തെത്തിയതോടെ സഖ്യത്തിനുള്ളിൽ വിള്ളൽ ഉണ്ടാക്കുമോയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Most Read| കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്