ബത്തേരി: വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള കുട്ടികൾക്കാണ് പുതിയതായി രോഗം സ്‌ഥിരീകരിച്ചത്.
എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്‌കൂളിലെ കിണറിലെ വെള്ളത്തിന്റെ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കുമെന്നാണ് വിവരം. സ്‌കൂൾ തുറന്നതിന് പിന്നാലെയാണ് കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും ബാധിച്ചത്. തുടർന്ന് ചികിൽസ തേടിയതോടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്.
സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്‌ടർ ഡോ. കെപി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാനതല വിദഗ്‌ധ സംഘം കോളിയാടിയും പരിസരപ്രദേശവും സന്ദർശിച്ചു രോഗവ്യാപനം തടയാനുള്ള നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്.
കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിന് പ്രത്യേക ക്ളോറിനേഷൻ ഡ്രൈവ് നടക്കുന്നുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിൽസ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെടി. രേഖ അറിയിച്ചു.
ലക്ഷണം
രക്‌തം കലർന്നതോ അല്ലാത്തതോ ആയ വയറിളക്കം, വയറുവേദന, പനി, ഛർദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പകരുന്നത്
മലിനമായ ഭക്ഷണം, വെള്ളം, കൈ വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുന്നത് എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
പ്രതിരോധം
വ്യക്‌തി ശിചിത്വമാണ് രോഗം പ്രതിരോധിക്കാനുള്ള പ്രധാന വഴി. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം നന്നായി പാകം ചെയ്‌ത് കഴിക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനും പാചകം ചെയ്യുന്നതിനും മുൻപ് നന്നായി കഴുകി വൃത്തിയാക്കുക.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































