കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. ഖോസ്റ്റ്, കുനാർ, പാക്തിക എന്നീ പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായതെന്ന് താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചുവെന്നും ഈ മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തെയും ആക്രമണത്തെയും അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, ആക്രമണത്തിൽ പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മരണപ്പെട്ടവരിൽ 11 കുട്ടികളാണ്. ഉറക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരം പോലും അവർക്ക് ലഭിച്ചില്ലെന്നും അഫ്ഗാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാൻ- പാക്കിസ്ഥാൻ തർക്കങ്ങൾ ആക്രമണത്തിലേക്ക് നീങ്ങുന്നത്. ഫെബ്രുവരി അവസാനം പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് അഫ്ഗാൻ തിരിച്ചടി നൽകിയിരുന്നു.
മാസങ്ങളായി ഈ സംഘർഷാവസ്ഥ നീളുകയാണ്. അതിർത്തി കടന്നുള്ള ആക്രമണങ്ങളും റിപ്പോർട് ചെയ്തിരുന്നു. 2021ൽ താലിബാൻ വീണ്ടും അധികാരത്തിൽ എത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ തെഹ്രീക്-ഇ-താലിബാൻ പോലുള്ള ഭീകരസംഘടനകളെ അഫ്ഗാനിസ്ഥാൻ സംരക്ഷിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
ഈ സംഘടന താലിബാനുമായി ബന്ധമുള്ളതാണ്. എന്നാൽ, ഈ ആരോപണങ്ങൾ താലിബാൻ നിഷേധിച്ചിട്ടുണ്ട്. ഈവർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ നടന്ന സംഘർഷത്തിൽ 372 അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട് വ്യക്തമാക്കുന്നത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ
































