മരിച്ചെന്ന് വിധിയെഴുതി, വീട്ടിൽ സംസ്‌കാര ഒരുക്കങ്ങൾ തുടങ്ങി; ഒടുക്കം പവിത്രൻ ജീവിതത്തിലേക്ക് കണ്ണുതുറന്നു

പാച്ചപ്പൊയ്‌ക വനിതാ ബാങ്കിന് സമീപം പുഷ്‌പാലയത്തിൽ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

By Senior Reporter, Malabar News
pavithran
പവിത്രൻ
Ajwa Travels

കണ്ണൂർ: മരിച്ചെന്ന് വിധിയെഴുതി, വീട്ടിൽ സംസ്‌കാര ഒരുക്കങ്ങൾ തുടങ്ങി, മാദ്ധ്യമങ്ങൾക്ക് ഉൾപ്പടെ മരണവാർത്ത നൽകി, എല്ലാവരെയും ഞെട്ടിച്ച് 67-കാരൻ ജീവിതത്തിലേക്ക് കണ്ണുതുറന്നു. പാച്ചപ്പൊയ്‌ക വനിതാ ബാങ്കിന് സമീപം പുഷ്‌പാലയത്തിൽ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

പക്ഷാഘാതവും ശ്വാസകോശ സംബന്ധമായ അസുഖവും കാരണം കൂത്തുപറമ്പിലേയും തലശേരിയിലെയും ആശുപത്രികളിൽ ചികിൽസയിലായിരുന്ന പവിത്രനെ രോഗം മൂർച്ഛിച്ചതോടെയാണ് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ ഞായറാഴ്‌ച മംഗളൂരുവിലേക്ക് കൊണ്ടുപോയത്. അവിടെ രണ്ട് ആശുപത്രികളിലായി വൻതുക മരുന്നിനും ചികിൽസയ്‌ക്കുമായി അടച്ചു.

യുപിഐ പരിധി കഴിഞ്ഞതോടെ പിന്നീട് ബിൽ അടയ്‌ക്കാൻ പറ്റാതായി. അടുത്ത ദിവസം അടച്ചാൽ മതിയോ എന്ന് ചോദിച്ചെങ്കിലും അധികൃതർ അനുവദിച്ചില്ലെന്നാണ് ആരോപണം. വെന്റിലേറ്റർ തുക അടയ്‌ക്കാനാകാതെ വന്നതോടെ തിരികെപ്പോരാൻ തീരുമാനിച്ചു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ പത്ത് മിനിറ്റിനകം പവിത്രൻ മരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

മരണം സ്‌ഥിരീകരിച്ചതിനെ തുടർന്ന് വിവരം ആശുപത്രിയിൽ കൂടെയുണ്ടായിരുന്നവർ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചറിയിച്ചു. തിങ്കളാഴ്‌ച വൈകിട്ട് മംഗളൂരുവിൽ നിന്ന് പവിത്രനെയും കൊണ്ട് ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. രാത്രി വൈകിയതിനാൽ ‘മൃതദേഹം’ കണ്ണൂരിലെ എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.

രാത്രി 11.30ഓടെ ആംബുലൻസിന്റെ വാതിൽ തുറന്ന് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിത സംഭവം. ഈ സമയത്താണ് ആശുപത്രി അറ്റൻഡർ ജയനും ബന്ധുവായ സി അർജുനനും പവിത്രന്റെ കൈയനക്കം ശ്രദ്ധിച്ചത്. വളരെപ്പെട്ടെന്ന് ഡോക്‌ടർമാരും സംഘവുമെത്തി. തുടർന്ന് നടന്ന പരിശോധനയിൽ പവിത്രന് ജീവനുണ്ടെന്ന് സ്‌ഥിരീകരിച്ചു.

പിന്നാലെ പവിത്രനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നേരം വെളുത്തപ്പോഴേക്കും ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടു. ബോധം വന്നെന്നും കണ്ണുതുറന്ന് തന്നെ നോക്കിയെന്നും ഭാര്യ സുധ പറഞ്ഞു. ഇതേസമയം, മാദ്ധ്യമങ്ങളിലൂടെയും മറ്റും മരണവിവരം വിവരമറിഞ്ഞ് പവിത്രന്റെ വീട്ടിലേക്ക് ബന്ധുക്കൾ എത്തുകയും സംസ്‌കാര ചടങ്ങുകൾ തുടങ്ങുകയും ചെയ്‌തിരുന്നു. ഗൾഫിലായിരുന്ന പവിത്രൻ ഏതാനും വർഷം മുമ്പാണ് നാട്ടിലെത്തിയത്. പക്ഷാഘാതം വന്ന് ഒരുഭാഗത്ത് സ്വാധീനക്കുറവുണ്ട്.

Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE