കൊച്ചി: ബർഗറിൽ ചിക്കന്റെ അളവ് കുറഞ്ഞതിനെ ചോദ്യം ചെയ്‌ത കുട്ടികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മാനേജരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്‌ക്കെതിരെയാണ് ഫാസ്‌റ്റ് ഫുഡ് ശൃംഖല നടപടിയെടുത്തത്. എറണാകുളത്തെ ഔട്ട്ലെറ്റിൽ മാനേജരായിരുന്നു ജോഷ്വാ.
ലഭിച്ച ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. പിന്നാലെ കത്തി വീശി കുട്ടികളെ ഭയപ്പെടുത്തുകയും ചെയ്‌തു. സംഭവത്തിൽ ഫാസ്‌റ്റ് ഫുഡ് ശൃഖലയുടെ മാനേജർക്കെതിരെയും ഇയാളെ മർദ്ദിച്ചതിന് നാലുപേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ നാല് കുട്ടികളാണ് ഫാസ്‌റ്റ് ഫുഡ് ശൃംഖലയുടെ ഔട്ട്ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ജോഷ്വായുമായി തർക്കമുണ്ടായത്.
ഇതിനിടെ കുട്ടികൾ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർത്തു. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































