കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ മുൻ ഗർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സോനുകുമാർ മോദിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
60,000 രൂപ നൽകിയാണ് രാഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. രാഖിലിനെ ഇവിടേക്ക് എത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പോലീസിന്റെ ഒരു സംഘം ബംഗാളിലെ മുനവറിൽ തുടരുകയാണ്.
കഴിഞ്ഞ മാസം 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയത്. മാനസ സുഹൃത്തുക്കളുമായി താമസിച്ചിരുന്ന ഹോസ്‌റ്റലിൽ അതിക്രമിച്ചു കയറിയാണ് രാഖിൽ കൃത്യം നിർവഹിച്ചത്. പിന്നാലെ ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു. പ്രതി ആത്‍മഹത്യ ചെയ്‌തതിനാൽ തന്നെ കേസിൽ നിർണായകമാകുന്നത് രാഖിലിന് ലഭിച്ച തോക്കിന്റെ ഉറവിടമാണ്.
ഇന്നലെയാണ് തോക്കിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബംഗാളിലേക്ക് പോയത്. ബിഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് ബംഗാളിലേക്ക് തിരിച്ചത്. ബിഹാർ പോലീസിന്റെ സഹകരണത്തോടെ ആയിരുന്നു കോതമംഗലം പോലീസിന്റെ അന്വേഷണം.
Most Read: കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി







































