കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രാഖിൽ തോക്ക് ലഭിക്കുന്ന സ്‌ഥലം കണ്ടെത്തിയത് ഓൺലൈനിലൂടെയാണെന്ന് വ്യക്‌തമാക്കി അന്വേഷണ സംഘം. തോക്കിന് വേണ്ടി രാഖിൽ ഗൂഗിളിൽ തിരഞ്ഞതിന്റെ ഹിസ്‌റ്ററി പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് ഇക്കാര്യം വ്യക്‌തമായത്. കൂടാതെ തോക്ക് വാങ്ങിയ സംഭവത്തിൽ രാഖിലിന്റെ സുഹൃത്ത് ആദിത്യന് ബന്ധമില്ലെന്നാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്.
തോക്ക് വാങ്ങുന്നതിന് വേണ്ടിയാണ് ബിഹാർ യാത്ര നടത്തിയതെന്ന് രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായി ആദിത്യൻ അറിഞ്ഞിരുന്നില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഇതര സംസ്‌ഥാനത്ത് നിന്നും തൊഴിലാളികളെ കൊണ്ട് വരുന്നതിന് വേണ്ടിയാണ് ബിഹാറിലേക്ക് യാത്ര നടത്തിയതെന്നാണ് ആദിത്യൻ കരുതിയത്. അതേസമയം രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്ന് വ്യക്‌തമായതോടെ ആദിത്യനെ ബിഹാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ്മ എന്നിവരിൽ നിന്നും 35,000 രൂപക്കാണ് രാഖിൽ തോക്ക് വാങ്ങിയത്. ഇവരെ ഇരുവരെയും പോലീസ് നേരത്തെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ജൂലൈ 30ആം തീയതിയാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് രാഖിൽ സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്‌തിരുന്നു.
Read also: പകര്‍ച്ചപനി പടരുന്നു, സര്‍ക്കാരിന് പ്രധാനം ഉപതിരഞ്ഞെടുപ്പ്; സുവേന്ദു അധികാരി