കൊല്‍ക്കത്ത: സംസ്‌ഥാനത്ത് പകര്‍ച്ചപനി പടരുമ്പോഴും സര്‍ക്കാരിന് പ്രധാനം ഉപതെരഞ്ഞെടുപ്പെന്ന് പശ്‌ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻതന്നെ ബംഗാളിലേക്ക് ഉദ്യോഗസ്‌ഥരെ അയക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥര്‍ തിരക്കിൽ ആയതിനാലാണ് സംസ്‌ഥാന സർക്കാർ അനാസ്‌ഥ തുടരുന്നതെന്ന് സുവേന്ദു ആരോപിച്ചു. ‘ബംഗാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിനാണ്. അതിനാൽ ബംഗാൾ ആരോഗ്യ വകുപ്പിനെ സഹായിക്കാന്‍ ഉടന്‍ തന്നെ ഒരു വിദഗ്‌ധ സമിതിയെ കേന്ദ്രത്തോട് അവശ്യപ്പെടും’- സുവേന്ദു പറഞ്ഞു.
ഇതുവരെ 6 കുട്ടികൾ മരിച്ചുവെന്നും പകര്‍ച്ച പനിയുടെ കാരണം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും പറഞ്ഞ സുവേന്ദു ആരോഗ്യ സെക്രട്ടറി ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പകര്‍ച്ചപനിയെ പറ്റി കൃത്യമായി അറിയാമെന്നും അതിനെതിരെ എല്ലാ നടപടികളും മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും ടിഎംസി നേതാവ് കുനാല്‍ ഗോഷ് പറഞ്ഞു. സുവേന്ദു അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുനാല്‍ പറഞ്ഞു.