രാഷ്‌ട്രീയ ലാഭത്തിനായി കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ന്യൂയോര്‍ക് ടൈംസ്; റിപ്പോർട് തള്ളി കേന്ദ്രം

By Syndicated , Malabar News
Narendra Modi
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്‌ട്രീയ നേട്ടത്തിനായി രാജ്യത്തെ കോവിഡ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോർട്ടിനെതിരെ കേന്ദ്രം. ന്യൂയോര്‍ക് ടൈംസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകോപനപരവും ശ്രദ്ധ നേടാനുള്ളതുമാണെന്ന് കേന്ദ്രം ആരോപിച്ചതായി പിടിഐ റിപ്പോര്‍ട് ചെയ്യുന്നു.

‘ഇന്ത്യയില്‍ മാരകമായ കോവിഡ് തരംഗം അടുക്കുമ്പോള്‍, രാഷ്‌ട്രീയം ശാസ്‌ത്രത്തെ മറികടക്കുന്നു’ എന്ന തലക്കെട്ടിലായിരുന്നു ന്യൂയോര്‍ക് ടൈംസില്‍ വാര്‍ത്ത വന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഉദ്യോഗസ്‌ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക്’ മുന്‍ഗണന നല്‍കാനും കൊറോണ വൈറസ് ഭീഷണിയെ നിസാരമായി കാണാനും നിര്‍ബന്ധിതരായെന്നാണ് വാർത്തയിൽ പറഞ്ഞത്.

അതേസമയം, പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യ നന്നായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഇത്തരത്തിൽ ഒരു റിപ്പോര്‍ട് പ്രസിദ്ധീകരിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോളും ലേഖനത്തെ വിമര്‍ശിച്ചു, യാഥാർഥ്യങ്ങൾ വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗവും വരാനുള്ള സാധ്യത കുറച്ചു കാണിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ പ്രചാരണം ആരംഭിക്കുന്നതിനും പ്രധാനമന്ത്രിയുടെ മറ്റ് പ്രഖ്യാപനങ്ങൾ പ്രചരിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് രണ്ടാം തരംഗം രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നത് വിശകലനം ചെയ്യുന്നതിനെ കുറിച്ച് ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവയുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തില്‍നിന്ന് നല്ല മറുപടിയല്ല ലഭിച്ചതെന്ന് ഐസിഎംആറില്‍ ശാസ്‌ത്രജ്‌ഞനായിരുന്ന അനൂപ് അഗര്‍വാള്‍ ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞു.

കൂടാതെ, സയന്‍സ് ജേണലായ നേച്വറില്‍ 2021 ജനുവരിയില്‍ വന്ന കോവിഡ് രണ്ടാം തരംഗത്തെ പ്രവചിച്ചുള്ള പഠനം പിന്‍വലിക്കാന്‍ ഐസിഎംആര്‍ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ 2021 ഒക്‌ടോബറില്‍ ശാസ്‌ത്രജ്‌ഞന്‍ അനൂപ് അഗര്‍വാള്‍ രാജി വെച്ചിരുന്നെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. റിപ്പോര്‍ട് പുറത്തു വന്നതോടെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നടത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

Read also: അഭിഭാഷകയായി ആൾമാറാട്ടം; സെസിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE