അബുദാബി: യുഎഇയിൽ അധ്യാപകർക്ക് വിസ പുതുക്കാനും പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യുഎഇയിൽ ഉള്ളവർ പ്രാദേശിക പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ക്ളിയറൻസ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ജോലിക്ക് പ്രവേശിക്കുമ്പോൾ മാത്രമായിരുന്നു ഇതുവരെ പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്.
നാട്ടിൽ നിന്ന് പുതുതായി ജോലിക്ക് എത്തുന്നവർ മാതൃരാജ്യത്തെ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള ക്ളിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യാൻ പോലീസ് ക്ളിയറൻസ് അബുദാബി വിദ്യാഭ്യാസ, വിജ്‌ഞാന വകുപ്പ് (അഡെക്) നേരത്തെ നിർബന്ധമാക്കിയിരുന്നു.
യുഎഇ നയങ്ങൾക്ക് അനുസൃതമായി സുരക്ഷിത വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെയും വിദ്യാർഥികളെ പരിരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി കർശനമാക്കിയത്. യുഎഇയിൽ ഉള്ളവർക്ക് പണമടച്ച് ക്ളിയറൻസ് സർട്ടിഫിക്കറ്റ് എടുക്കാം. നേരത്തെ, ആറുമാസം കാലാവധി ഉണ്ടായിരുന്ന സർട്ടിഫിക്കറ്റിന്റെ കാലപരിധി ഇപ്പോൾ ഒരുമാസമാക്കി കുറച്ചു.
ഒരുമാസത്തിനകം ജോലി അപേക്ഷ അഡെക് അംഗീകരിച്ചില്ലെങ്കിൽ പുതിയ പിസിസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടുവർഷ കാലാവധിയുള്ള അധ്യാപക ലൈസൻസ് കാലാവധി അവസാനിച്ച് 15 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ റദ്ദാകും. ഇതിനകം ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പുതുക്കണമെന്നും അധികാരികൾ ഓർമിപ്പിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!