ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി. ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയാണ് അനുമതി നൽകിയത്. അവിശ്വാസ പ്രമേയം എന്ന് അവതരിപ്പിക്കുമെന്ന് വ്യക്‌തമായിട്ടില്ല. വിവിധ കക്ഷിനേതാക്കളുമായി ആലോചിച്ച ശേഷം തീയതി സ്‌പീക്കർ ഉടൻ അറിയിക്കുമെന്നാണ് വിവരം.
അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് 50 പേരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സഭയിൽ മണിപ്പൂർ കലാപം ചർച്ചയിൽ കൊണ്ടുവരാനും മറുപടി പറയാൻ പ്രധാനമന്ത്രിയെ നിർബന്ധിതാക്കാനുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്ന് പ്രതിപക്ഷം സമ്മേളനം തുടങ്ങിയപ്പോൾ മുതൽ ആവശ്യപ്പെടുന്നുണ്ട്.
വർഷകാല സമ്മേളനം വ്യാഴാഴ്‌ച ആരംഭിച്ചത് മുതൽ മണിപ്പൂർ വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലെയും പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. 2014ൽ അധികാരത്തിലേറിയ മോദി സർക്കാർ ഇത് രണ്ടാം തവണയാണ് അവിശ്വാസ പ്രമേയം നേരിടുന്നത്. 2018ൽ ആയിരുന്നു ആദ്യ അവിശ്വാസ പ്രമേയം.
Most Read: ഗ്യാന്‍വാപി മസ്‌ജിദ്; ആർക്കിയോളജി വകുപ്പിന്റെ സർവേക്ക് നാളെ വരെ സ്‌റ്റേ