മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
പ്രതികൾ ബൈക്കിൽ പിന്തുടർന്ന് നഗരസഭ കൗൺസിലർ ജലീൽ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ പയ്യനാട് വച്ചായിരുന്നു ആക്രമണം. തലക്ക് വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ ജലീൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചാണെന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും പിന്നാലെ കാറിൽ നിന്ന് പുറത്ത് ഇറങ്ങിയ സംഘം അബ്ദുൾ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
Most Read: വിദ്യാർഥികളുടെ യാത്രാ നിരക്കിൽ ആശങ്ക; ഗതാഗത മന്ത്രിയുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച







































