പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയില്ലെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീതയുടെ റിപ്പോർട് സത്യസന്ധമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്നത് കുടുംബാംഗങ്ങൾക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെന്നും പുറത്തുവന്ന റിപ്പോർട് ഇക്കാര്യം തെളിയിക്കുന്നതാണെന്നും മഞ്‌ജുഷ പറഞ്ഞു.
നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും മഞ്‌ജുഷ അറിയിച്ചു. പ്രശാന്തൻ എന്നയാളുമായി ബന്ധപ്പെട്ട പരാതിയിലാണ് ഈ വിഷയങ്ങൾക്ക് ആധാരം. എന്നാൽ, ഇയാൾ ഇപ്പോൾ ചിത്രത്തിലില്ല. അദ്ദേഹത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്യുന്നുമില്ല. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. റിപ്പോർട്ടിൽ ഗൂഢാലോചനയെ കുറിച്ച് പറയുന്നുണ്ടെന്നും മഞ്‌ജുഷ പറഞ്ഞു.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിലേക്ക് പിപി ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, ദിവ്യ ചടങ്ങിൽ ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി