ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്‌റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പ്രതികൾ നൽകിയ മൊഴികളിൽ ഉള്ള സ്‌ഥലങ്ങളിൽ മൂവരെയും എത്തിച്ചു തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴക്കുന്നത്. ഇന്ന് തെളിവെടുപ്പും നടന്നേക്കും. വിവരശേഖരണത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്‌ഥലങ്ങളിൽ പരിശോധന നടത്തും.
സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്‌തുക്കൾ ഫൊറൻസിക് പരിശോധനക്ക് അയച്ചെങ്കിലും ഇനിയും മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്താൻ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അനിൽ കുമാറിന്റെ വീടിന്റെ പരിസരത്ത് ഭൂമിക്ക് അടിയിൽ ടാങ്കോ മറ്റെന്തെങ്കിലും നിർമാണങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാൾ മേസ്‌തിരി പണിക്കാരനായത് കൊണ്ട് തന്നെ ഇത്തരം സാധ്യതകൾ പോലീസ് തള്ളിക്കളയുന്നില്ല.
അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ സോമരാജൻ, കണ്ണമ്പള്ളിൽ കെസി പ്രമോദ്, ജിനു ഭവനത്തിൽ ജിനു ഗോപി എന്നിവരെയാണ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. 2009 ഡിസംബർ ആദ്യ ആഴ്‌ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവ് ചെയ്‌ത് തെളിവ് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.
Most Read| വാർഷിക ഉച്ചകോടിക്ക് പുട്ടിന്റെ ക്ഷണം; പ്രധാനമന്ത്രി റഷ്യയിലേക്ക്- പിന്നാലെ ഓസ്‌ട്രിയയിലേക്ക്






































