കല കൊലപാതകത്തിൽ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ? സംശയിച്ച് പോലീസ്

കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാംപ്രതി ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെ നിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

By Trainee Reporter, Malabar News
Mannar Kala Murder Case
Ajwa Travels

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ എന്ന സംശയത്തിൽ പോലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാംപ്രതി ഭർത്താവ് അനിൽ, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെ നിന്ന് മാറ്റിയോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്‌തത വരുത്താനാകൂ. അതേസമയം, പ്രതികളിൽ ഒരാൾ ഭാര്യയുമായുള്ള വഴക്കിനിടെ കലയെ കൊന്നത് പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിന് ശേഷം പുറത്തുവരാൻ ഇടയാക്കിയത്. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച ഊമക്കത്തും നിർണായകമായി.

ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കിൽ നിന്ന് ലോക്കറ്റ്, ഹെയർ ക്ളിപ്പ്, വസ്‌ത്രത്തിന്റെ ഇലാസ്‌റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാൽ, മൃതദേഹം അവശിഷ്‌ടങ്ങൾ കിട്ടിയില്ല. കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചത് വരെയുള്ള കാര്യങ്ങളേ അറിയൂ.

ഒന്നാംപ്രതിയായ അനിൽ മൃതദേഹ അവശിഷ്‌ടങ്ങൾ ഇവിടെ നിന്ന് മറ്റെവിടേക്കോ മാറ്റിയതായി പോലീസ് സംശയിക്കാൻ കാരണം ഇതാണ്. ആനിലാണ് കേസിലെ ഒന്നാംപ്രതി. മറ്റു മൂന്ന് പ്രതികളെ ചെങ്ങന്നൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി എട്ടുവരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ സോമരാജൻ, കണ്ണമ്പള്ളിൽ കെസി പ്രമോദ്, ജിനു ഭവനത്തിൽ ജിനു ഗോപി എന്നിവരെയാണ് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.

2009 ഡിസംബർ ആദ്യ ആഴ്‌ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവ് ചെയ്‌ത്‌ തെളിവ് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE