റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിനിടെ 30 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ- ദന്തേവാഡ അതിർത്തിയിലാണ് വൻ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസും സിആർപിഎഫ് ഉദ്യോഗസ്‌ഥരും വനമേഖലയിൽ തുടരുകയാണ്.
ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് അഭുജ്‌മാദ് വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്‌സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്‌ഥരുടെ സംഘം വനമേഖലയിൽ പ്രവേശിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നത്. ഒരു മണിക്കൂറോളം വെടിവെപ്പ് തുടർന്നു.
ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മാവോയിസ്‌റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധ ശേഖരവും കണ്ടെത്തി. എകെ 47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും ഇതിൽ ഉൾപ്പെടും. പ്രദേശത്ത് പരിശോധന തുടരുകയാണ്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും