തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ വൻ തിരിമറി നടന്നതായി ആക്ഷേപം ഉയരുന്നു. ഒരു വിദ്യാർഥിക്ക് കൂടി മാർക്ക് കൂട്ടി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷാ വിഭാഗത്തിലെ സെക്ഷൻ ഓഫീസറെ കഴിഞ്ഞ ആഴ്ച സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വ്യാപക തിരിമറി പുറത്തായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രോവൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാർക്ക് കൂട്ടി നൽകുന്നതിന് ചില ജീവനക്കാർ വൻ തുക പ്രതിഫലം കൈപ്പറ്റിയതായും ആക്ഷേപമുണ്ട്.കംപ്യൂട്ടർ പാസ്വേഡ് ദുരുപയോഗം ചെയ്താണ് മാർക്കിൽ തിരിമറി നടത്തിയിരിക്കുന്നത്.
പരീക്ഷാ ടാബുലേഷൻ സോഫ്റ്റ്വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് മാർക്ക് കൂട്ടിയത്. മാർക്കിൽ മാറ്റം വരുത്താനുള്ള അധികാരം സെക്ഷൻ ഓഫീസർക്ക് കൈമാറിയതോടെയാണ് പാസ്വേഡ് കൈക്കലാക്കി ആർക്കും മാർക്കിൽ മാറ്റം വരുത്താവുന്ന സ്ഥിതി വന്നത്. 2008 ലെ വിവാദ അസിസ്റ്റന്റ് പട്ടികയിലൂടെ ജോലി നേടിയ ആളാണ് നിലവിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ.
സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ മറ്റ് നൂറോളം വിദ്യാർഥികളുടെ മാർക്ക് തിരുത്തി എന്ന വിവരം ഉൾപ്പടെയുള്ള കാര്യങ്ങൾ സർവകലാശാല രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വർഷം 380 കുട്ടികളുടെ മോഡറേഷൻ തെറ്റായി കൊടുത്തത് സോഫ്റ്റ്വെയർ പിശകാണെന്ന് ആയിരുന്നു കേരള സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
Also Read: വെൽഫെയർ സ്വാധീനത്തിൽ ലീഗിന് നയമാറ്റം; സ്വീകാര്യത കുറഞ്ഞുവെന്ന് കെടി ജലീൽ









































