തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അതിനിടെ, ചാനലിന്റെ തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
ഓഫീസിലെ 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ്പുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പിവി ശ്രീനിജൻ എംഎൽഎക്കെതിരെ നടത്തിയ അപകർത്തികരമായ പരാമർശങ്ങളുടെ പേരിലായിരുന്നു കൊച്ചി സിറ്റി പോലീസിന്റെ നടപടി.
ഷാജൻ സ്കറിയക്കെതിരെ അടക്കം എസ്സി-എസ്ടി പീഡന നിരോധന നിയമം അനുസരിച്ചു കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹരജി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഹൈക്കോടതി ഹരജി തള്ളിയതിന് പിന്നാലെ ഇയാൾക്കെതിരെ കൊച്ചി സിറ്റി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷാജൻ സ്കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് സർക്കുലർ ഇറക്കിയത്.
Most Read: ‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്ഭുതമെന്ന് വിഡി സതീശൻ