കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നാലെ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. റീജിയണൽ ഓഫീസിലെ സീനിയർ എൻജിനിയർ എംഎ ഷിജുവിനെ പകരം നിയമിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
മൽസ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് ബോർഡിന്റെ വിശദീകരണം. രൂക്ഷമായ വിമർശനമാണ് പ്രദേശവാസികൾ മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ ഉന്നയിച്ചിരുന്നത്.
അതേസമയം, പെരിയാറിലെ മൽസ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്നുമാണ് ബോർഡിന്റെ വിലയിരുത്തൽ. സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട് ഇന്ന് കളക്ടർക്ക് സമർപ്പിക്കും. കുഫോസിലെ വിദഗ്ധ സമിതിയുടെ അന്വേഷണം അവസാന ഘട്ടത്തിലാണ്.
വെള്ളത്തിന്റെ സാമ്പിൾ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രാസമാലിന്യം എന്താണെന്ന് അറിയാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. മൽസ്യ കർഷകർക്കായുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിന്റെ കണക്കെടുപ്പും ഏറെക്കുറെ പൂർത്തിയായി. അതിനിടെ, നഷ്ടപരിഹാരത്തിന് നിയമവഴി തേടിയ കർഷകർ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.
Most Read| സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഡാമുകൾ തുറന്നു- ജാഗ്രതാ നിർദ്ദേശം