വാഷിങ്ടൻ: യുഎസിന്റെ വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധം. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ന്യൂയോർക്ക്, ഹൂസ്‌റ്റൻ, ഫ്‌ളോറിഡ, കോളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പടെ യുഎസിന്റെ 50 സംസ്‌ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
രാജ്യത്താകമാനം 1200 കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ജനുവരിയിൽ ട്രംപ് അധികാരത്തിലേറിയതിന് ശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. അഞ്ചുലക്ഷത്തോളം പേർ സമരത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്. ബില്യണയർമാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ‘ഹാൻഡ്‌സ് ഓഫ്’ എന്ന് പേരിട്ട പ്രതിഷേധത്തിന്റെ സംഘാടകർ വ്യക്‌തമാക്കി.
യുഎസിന് പുറത്ത് ലണ്ടൻ, ബെർലിൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. പൗരാവകാശ സംഘടനകൾ, തിരഞ്ഞെടുപ്പ് പരിഷ്‌കാരത്തിനായി വാദിക്കുന്നവർ, എന്നിവരുൾപ്പെടെ 150ഓളം സംഘടനകളുടെ നേതൃത്വത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രതിഷേധമാണ് ഹാൻഡ്‌സ് ഓഫ് പ്രക്ഷോഭം.
ഉയർന്ന തീരുവ ചുമതല, സർക്കാർ ജീവനക്കാരെ പിരിച്ചുവിടൽ, ഗർഭഛിദ്ര വിലക്ക് തുടങ്ങിയ ട്രംപിന്റെ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം. അതേസമയം, പ്രതിഷേധത്തെ തള്ളിക്കളയുകയാണെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. നയങ്ങളിൽ മാറ്റം വരുത്താൻ പോകുന്നില്ലെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!