കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട് നഗരമാകെ കറുത്ത പുക കൊണ്ട് മൂടിയിരിക്കുകയാണ്.
തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി നാരായണൻ പറഞ്ഞു. രാസവസ്‌തുക്കൾ ഉപയോഗിച്ച് തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. അവധിക്കാലമായതിനാൽ സ്‌കൂൾ വിദ്യാർഥികൾക്ക് വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. പ്ളാസ്‌റ്റിക് കവറുകളിലാണ് തുണിത്തരങ്ങൾ സൂക്ഷിച്ചിരുന്നത്.
ഞായറാഴ്‌ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്‌തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്‌നിരക്ഷാ സേനയുടെ 20 യൂണിറ്റുകൾ സ്‌ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്‌ടർ സ്‌ഥലത്തെത്തി. സമീപ ജില്ലകളിൽ നിന്നും അഗ്‌നിരക്ഷാ യൂണിറ്റുകൾ എത്തുന്നുണ്ട്.
താഴെയുള്ള മെഡിക്കൽ സ്‌റ്റോറിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ഇതിന് ഔദ്യോഗിക സ്‌ഥിരീകരണമില്ല. കടയിൽ തീ പടർന്നപ്പോൾ തന്നെ ആളുകൾ ഓടിമാറിയിരുന്നു. മൂന്നുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. ബസ് സ്‌റ്റാൻഡിലെ ബസുകൾ സുരക്ഷിത സ്‌ഥാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് പോലീസ് നിയന്ത്രണമേർപ്പെടുത്തി.
ബസ് സ്‌റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സമീപത്തെ മുഴുവൻ കടകളിലുള്ളവരെ പോലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്‌ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!