കൊണ്ടോട്ടി ∙ കെഎസ്‌എഫ്‌ഇ ശാഖയിൽനിന്ന് കുറി വിളിച്ചെടുത്ത് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ ഉൾപ്പടെ 2 പേർ അറസ്‌റ്റില്‍. കേസിലെ പ്രധാനി കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി ജയജിത്ത് (42), മുൻ മാനേജർ കോഴിക്കോട് കൊമ്മേരി സ്വദേശി സന്തോഷ് (53) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
2016-2018 സാമ്പത്തിക വർഷത്തിൽ ജയജിത്ത്, അന്നു കൊണ്ടോട്ടി കെഎസ്‌എഫ്‌ഇയില്‍ മാനേജര്‍ ആയിരുന്ന സന്തോഷിന്റെ സഹായത്തോടെ കുറിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജയജിത്തും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ കുറിയിൽ ചേരുകയും കുറി വിളിച്ചെടുത്ത് വ്യാജ രേഖകൾ ഹാജരാക്കി ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്‌തു എന്നാണ് പരാതി.
ജയജിത്ത് സർക്കാർ ഹോസ്‌റ്റൽ വാർഡൻ ആയിരുന്നു. അവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണു രേഖകൾ ഉണ്ടാക്കിയത് എന്നാണ് വിവരം. കുറികളുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായതും നിലവിലുള്ള മാനേജർ പോലീസിൽ പരാതി നൽകിയതും. വകുപ്പുതല അന്വേഷണത്തിൽ ഇരുവരും സസ്‌പെൻഷനിലായി. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കു വേണ്ടി അന്വേഷണം നടക്കുന്നുണ്ട്.
ഡിവൈഎസ്‌പി കെ അഷ്‌റഫ്, ഇൻസ്‌പെക്‌ടർ മനോജ്, എസ്ഐ നൗഫൽ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്‌ജീവ്, രതീഷ് ഒളരിയൻ, സബീഷ്, ഷബീർ, സുബ്രഹ്‌മണ്യൻ, പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Most Read: പൾസർ സുനിക്ക് ജാമ്യമില്ല; തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു






































