കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും പണവുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.
അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്‌നേഹ (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്‌നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. സംഭവത്തിൽ കോട്ടയം ഈസ്‌റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശാരീരിക ബുദ്ധിമുട്ടുള്ളയാളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
21ആം നമ്പർ വില്ലയുടെ മുൻ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്‌ടാവ് മുറിയിലെ സ്‌റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. തുടർന്ന് സ്‌നേഹ വിവരം കോട്ടയം ഈസ്‌റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ളാറ്റുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!