തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തമ്പാനൂർ പോലീസാണ് കേസെടുത്തത്. കെഎസ്ആർടിസിയുടെ പരാതിയിലാണ് കേസ്.
ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഇതിനുള്ളിൽ മെമ്മറി കാർഡ് ഇല്ലെന്നാണ് ഇന്ന് പരിശോധനക്ക് ശേഷം പോലീസ് അറിയിച്ചത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. മെമ്മറി കാർഡ് കാണേണ്ടതാണെന്നും കാർഡ് ആരെങ്കിലും മാറ്റിയതാണോ എന്ന് അന്വേഷിക്കുമെന്നും എസ്‌എച്ച്ഒ ജയകൃഷ്‌ണൻ പറഞ്ഞിരുന്നു.
അതേസമയം, മെമ്മറി കാർഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദുവിന്റെ ആരോപണം. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും യദു പറയുന്നു. മെമ്മറി കാർഡ് മാറ്റിയതാണോ എന്നതടക്കം പോലീസ് പരിശോധിക്കും. ബസിലെ യാത്രക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
അതിനിടെ, മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർ യദു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കന്റോൺമെന്റ് പോലീസിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയത്. ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം നടന്നത്.
കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവർ യദു രംഗത്തെത്തുകയായിരുന്നു.
Most Read| ചിഹ്‌നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്‌ത് സൂക്ഷിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ








































