തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകൻ എ പ്രമോദിനെ പിരിച്ചുവിടാൻ തീരുമാനം. സെനറ്റ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. കുന്നുമ്മലാണ് തീരുമാനമെടുത്തത്.
സംഭവത്തെ കുറിച്ച് വൈസ് ചാൻസലർക്ക് അന്വേഷണ സമിതി റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയാണെന്നാണ് അന്വേഷണ സമിതി റിപ്പോർട്. ഇതോടെയാണ്, അധ്യാപകനെതിരെ നടപടി എടുക്കാൻ സർവകലാശാല തീരുമാനിച്ചത്. അതേസമയം, പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചിലവ് പൂജപ്പുര ഐസിഎം കോളേജിൽ നിന്ന് ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
ഏഴ് കോളേജുകളിലായി ഇന്നലെയാണ് പുനഃപരീക്ഷ നടന്നത്. പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് 22ന് വീണ്ടും പരീക്ഷ നടത്തുമെന്നും നാല് ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്നും വിസി അറിയിച്ചിരുന്നു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിവരം ഏറെ ദിവസങ്ങൾ മറച്ചുവെച്ച സർവകലാശാല ഒടുവിൽ കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുകയായിരുന്നു.
ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം പുറത്തുവരുന്നത്. പത്തുമാസം മുൻപ് നടന്ന ഫിനാൻസ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. അഞ്ചു കോളേജുകളിലെ 2022-24 ബാച്ചിലെ 71 വിദ്യാർഥികളുടെ പേപ്പറുകൾ മൂല്യനിർണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കലിൽ നിന്നായിരുന്നു നഷ്ടമായത്.
ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പരീക്ഷ പൂർത്തിയാകുന്നതിന് പിന്നാലെ ബണ്ടിലുകളായി തീർക്കുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് കൈമാറുകയാണ് പതിവ്. ഇത് വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അനുമതിയുണ്ട്. ഇത്തരത്തിൽ കൊണ്ടുപോയപ്പോഴാണ് നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വിശദീകരണം. ജനുവരി മാസത്തിലായിരുന്നു സംഭവം നടന്നത്.
Most Read| വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ








































